കര്‍ഷകര്‍ക്കായി കളത്തിലിറങ്ങി ശശി തരൂര്‍; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജന്തര്‍ മന്തറില്‍
Farmer Protest
കര്‍ഷകര്‍ക്കായി കളത്തിലിറങ്ങി ശശി തരൂര്‍; കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി ജന്തര്‍ മന്തറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th December 2020, 3:44 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് രംഗത്തിറങ്ങി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

കര്‍ഷകരുടെ പ്രതിഷേധത്തിന് കാരണമായ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്നത്. എം.പിമാരായ ഗുര്‍ജീത് ഓജ്‌ല, ജസ്ബീര്‍ ഗില്‍ എന്നിവര്‍ മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുകയാണ്.

കര്‍ഷക യൂണിയനുകളുമായി സംസാരിച്ച് പ്രശ്‌നപരിഹാരം കാണണമെന്നും നവംബര്‍ മൂന്നാം വാരത്തോടെ ശീതകാല സമ്മേളനം നടത്തണമെന്നുമാണ് ധര്‍ണയില്‍ ഇരിക്കുന്ന തന്റെ സുഹൃത്തുക്കള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുന്നതെന്ന് തരൂര്‍ പറഞ്ഞു.

അതേസമയം, കര്‍ഷക സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടുകയാണ്.

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കം കുറിച്ചിരിക്കേ കടുത്ത നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

പൊലീസിനൊപ്പം തന്നെ മാര്‍ച്ച് നേരിടാന്‍ അര്‍ദ്ധ സൈനികരെയും കേന്ദ്ര സര്‍ക്കാര്‍ രംഗത്തിറക്കിയിട്ടുണ്ട്. സമരം ആരംഭിച്ച് പതിനെട്ട് ദിവസം പിന്നിട്ടിട്ടും കര്‍ഷകരുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

ഞായറാഴ്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ദല്‍ഹി ചലോ മാര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. രാജസ്ഥാന്‍-ഹരിയാന അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജയ്പൂര്‍ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് മാര്‍ച്ചില്‍ പ്രധാനമായും പങ്കെടുക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

ContentHighlights: Shashi Tharoor joins Punjab Congress MPs’ protest at Jantar Mantar, demands Parliament’s winter session