ന്യൂദല്‍ഹി: ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. രാജ്യത്തിന്റെ ചിലയിടങ്ങില്‍ മുസ്‌ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്നും ശശി തരൂര്‍ പറഞ്ഞു.
കഴിഞ്ഞ നാലുവര്‍ഷത്തിനിടെ സാമുദായിക സംഘര്‍ഷങ്ങളില്‍ കുറവുണ്ടായെന്ന ബി.ജെ.പിയുടെ അവകാശവാദത്തേയും ദ പ്രിന്റില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ ഖണ്ഡിക്കുന്നുണ്ട്.
“”ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമല്ല രാജ്യത്ത് ആള്‍ക്കൂട്ട അക്രമങ്ങള്‍ വര്‍ധിച്ചതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അവിശ്വാസ പ്രമേയ ചര്‍ച്ചക്കിടെ സഭയില്‍ പറഞ്ഞത്. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി പറഞ്ഞത് നാലുവര്‍ഷത്തിനിടെ വലിയ സാമുദായിക സംഘര്‍ഷങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ ഇവര്‍ രണ്ട് പേരും പറഞ്ഞത് തെറ്റാണ്. കണക്കുകള്‍ പരിശോധിച്ചുനോക്കുമ്പോള്‍ അത് മനസിലാകുമെന്നും ശശി തരൂര്‍ ലേഖനത്തില്‍ പറയുന്നു.
2014 പകുതിയോടെ തന്നെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട 389 പേര്‍ സാമുദായിക സംഘര്‍ഷങ്ങളുടെ പേരില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പലരും കൊല്ലാക്കൊല ചെയ്യപ്പെട്ടിട്ടുണ്ട്. നാല് വര്‍ഷങ്ങളിലായി 2920 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ഇതില്‍ 389 പേര്‍ മരിച്ചു. 8890 പേര്‍ക്ക് പരിക്കേറ്റു. ഇത് യഥാര്‍ത്ഥ കണക്കുകളാണ്.
15 കാരനായ ജുനൈദിന്റെ കൊലപാതകമൊക്കെ ആഴത്തില്‍ മുറിവേല്‍പ്പിക്കുന്നതാണ്. ഒരു മുസ്‌ലീം ആയതിന്റെ പേരിലാണ് ജുനൈദ് കൊല്ലപെടുന്നത്. ഈദ് ദിനത്തില്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങി വരുംവഴിയായിരുന്നു ട്രെയിനില്‍വെച്ച് അവനെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തുന്നത്. 2017 ഏപ്രിലില്‍ നടന്ന ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാന്‍ കൊലപാതകം. ലൈസന്‍സോടെയാണ് ഇദ്ദേഹം പശുക്കളെ കൊണ്ടുപോയത്. മാത്രമല്ല അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുന്നതൊക്കെ ചിലര്‍ മൊബൈലില്‍ ഷൂട്ട് ചെയ്യുന്നുമുണ്ടായിരുന്നു.
ഹിന്ദുക്കള്‍ മുസ്‌ലീങ്ങളെ കൊലപ്പെടുത്തുന്നു എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ വരുന്നു. പശു സംരക്ഷണത്തിന്റെ പേരില്‍ ചിലര്‍ നിയമം കയ്യിലെടുത്ത് നിരപരാധികളെ കൊന്നൊടുക്കുന്നു.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 70 കൊലപാതകങ്ങളാണ് ഗോ സംരക്ഷണത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 97 ശതമാനം കേസും ബി.ജെ.പി അധികാരത്തിലേറി 4 വര്‍ഷത്തിനുള്ളില്‍ സംഭവിച്ചിട്ടുള്ളതാണ്.
മാത്രമല്ല ബി.ജെ.പിക്ക് അധികാരമുള്ള സംസ്ഥാനങ്ങളിലാണ് ഇത് സംഭവിച്ചിട്ടുള്ളത്. 136 ആളുകള്‍ക്ക് ഗുരുതരമായി പരിക്കേറ്റ ആക്രമണങ്ങളില്‍ 28 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ ഇരകളായ 86 ശതമാനം പേരും മുസ് ലീങ്ങളാണ്. – തരൂര്‍ ലേഖനത്തില്‍ പറയുന്നു.
ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍
ഗോസംരക്ഷണത്തിന്റെ പേരില്‍ യു.പിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത് അക്രമങ്ങള്‍ 645 ആണ്. സാമൂദായിക സംഘര്‍ഷങ്ങളില്‍ 121 പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. 2014 നും 2017 നും ഇടയിലാണ് ഇത്. രാജസ്ഥാനില്‍ 36, കര്‍ണാടകയില്‍ 35 എന്നിങ്ങനെയാണ്. ഭീമകൊരേഗാവ് കലാപമൊന്നും സര്‍ക്കാര്‍ മറക്കരുത്.
2014 നും 2016 നും ഇടയില്‍ മാത്രം 2885 സാമുദായിക സംഘര്‍ഷങ്ങള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നത്. 147,151,153 എ വകുപ്പുകള്‍ പ്രകാരം 61,974 കലാപങ്ങള്‍ 2016 നുള്ളില്‍ രജിസ്റ്റര്‍ ചെയ്തതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
2016 ല്‍ മാത്രം 869 സാമുദായിക സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 250 ഉം ഹരിയാനയിലാണ്. 2017 ലെ കണക്കുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2018 ആകുമ്പോഴേക്കും വലിയ വര്‍ധനവ് ഇതില്‍ ഉണ്ടായിട്ടുണ്ട് എന്നതില്‍ സംശയമില്ലെന്നും തരൂര്‍ പറയുന്നു.
മുസ്‌ലീങ്ങള്‍ മാത്രമല്ല ഗോസംരക്ഷകരുടെ ഇര. ദളിതരും കൂടിയാണ്. കണക്കുകള്‍ നിരത്തി അത് സ്ഥാപിക്കാം. എന്നിരിക്കെയാണ് സര്‍ക്കാരില്‍ ഉത്തരവാദിത്തപ്പെട്ട മന്ത്രിമാര്‍ തന്നെ ഇത്തരം പൊള്ളയായ പ്രസ്താവനകള്‍ സഭയില്‍ നടത്തുന്നത്. ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതിയാണ് അവര്‍ ഈ പറയുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ജനങ്ങള്‍ ഇത് കേള്‍ക്കില്ല. എന്നാല്‍ കണക്കുകള്‍ സത്യം പറയും. – തരൂര്‍ ലേഖനത്തില്‍ പറയുന്നു.