| Tuesday, 21st December 2021, 3:24 pm

കെ റെയിലിനെക്കുറിച്ച് ശശി തരൂര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്, അഭിപ്രായം പിന്നീട് പറയും: വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കെ റെയിലിനെക്കുറിച്ച് ശശി തരൂര്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സമയം കിട്ടാതിരുന്നതുകൊണ്ടാണ് ശശി തരൂര്‍ കെ റെയിലിനെ കുറിച്ച് പഠിക്കാതിരുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

തരൂര്‍ എല്ലാം പഠിച്ചതിന് ശേഷം അഭിപ്രായം പറയുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കെ റെയില്‍ വിഷയത്തില്‍ ബോധ്യപ്പെടുത്തേണ്ടവരെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ശശി തരൂര്‍ പാര്‍ട്ടിയോട് ഒരുതരത്തിലുള്ള വിയോജിപ്പും പ്രകടിപ്പിച്ചിട്ടില്ല. പാര്‍ട്ടി അദ്ദേഹത്തോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.

കെ റെയില്‍ വിഷയത്തില്‍ ജനങ്ങളുടെ പ്രതിഷേധം വര്‍ദ്ധിച്ചുവരുന്ന സാഹചാര്യത്തില്‍ സ്ഥലമെടുപ്പ് നടപടികള്‍ ബലം പ്രയോഗിച്ച് നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിയണം. വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

കെ റെയിലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നത് അനാവശ്യമായ ധൃതിയാണ്. ഇതിന് പിന്നില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കെ റെയിലിനെ കുറിച്ച് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്താന്‍ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ സമയം അനുവദിച്ചില്ല. എന്ത് സുതാര്യതയാണ് പദ്ധതിക്കുള്ളത്. ഒളിച്ചുവെക്കാന്‍ നിരവധി കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാക്കാതിരുന്നത്.

പദ്ധതിക്കെതിരെ രൂക്ഷമായ എതിര്‍പ്പാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നത്. കൊല്ലം കൊട്ടിയത്ത് സ്ത്രീകളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു,’ വി.ഡി. സതീശന്‍ പറഞ്ഞു.

കെ റെയില്‍ പദ്ധതിയെ അനുകൂലിച്ച ശശി തരൂര്‍ എം.പിയെ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. കെ റെയില്‍ പദ്ധതിയെ പിന്തുണക്കുന്നതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെയും മുഖ്യമന്ത്രിയെയും തരൂര്‍ അഭിനന്ദിച്ചതും പാര്‍ട്ടിക്ക് ക്ഷീണമായി എന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിലയിരുത്തുന്നത്.

പാര്‍ട്ടിക്കകത്തുള്ളവരാണെങ്കില്‍ പാര്‍ട്ടിക്ക് അനുസരിച്ച് പെരുമാറേണ്ടി വരുമെന്നും ശശി തരൂരിനോട് അതുമാത്രമാണ് പാര്‍ട്ടിക്ക് പറയാനുള്ളതെന്നുമായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളവരുണ്ടായിരിക്കും. അത് സ്വാഭാവികമാണ്. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെങ്കില്‍ ജനാധിപത്യം പൂര്‍ണമാവില്ല. എന്നാലും ഓരോ പ്രവര്‍ത്തകരും പാര്‍ട്ടിക്ക് വിധേയരാകേണ്ടിവരുമെന്നാണ് സുധാകരന്‍ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Shashi Tharoor is learning about K Rail; VD Satheesan

We use cookies to give you the best possible experience. Learn more