| Tuesday, 28th December 2021, 8:27 pm

അസൂയയും കൊതിയുമെല്ലാം ചേരുന്ന മലയാള പദമാണ് ശശി തരൂര്‍: ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശശി തരൂര്‍ എം.പിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അസൂയയാണെന്ന് ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. അസൂയ എന്നതിന് മലയാളത്തില്‍ ഒരു പദമായി ശശി തരൂര്‍ മാറുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

‘ആഗ്രഹം കുറേ ഉണ്ടെങ്കിലും ഒന്നും നടക്കാത്തതിലുള്ള നിരാശയും അസൂയയും കൊതിയും എല്ലാം കൂടി ചേരുന്ന പുതിയ ഇംഗ്ലീഷ് പദം എന്ത് എന്ന് ചോദിച്ചാല്‍ ഇനി മലയാളത്തില്‍ ശശി തരൂര്‍ എന്ന് പറയേണ്ടിവരും. ശശി ആയി എന്ന് പറയുന്ന പോലെ ശശി തരൂര്‍ എന്ന വാക്കും മാറും,’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ആരെങ്കിലും 23 കോടി ജനസംഖ്യയുള്ള യു.പിയേയും മൂന്നര കോടിയുള്ള കേരളത്തേയും താരതമ്യം ചെയ്യുമോ, ചെയ്താല്‍ തന്നെ പരിഹാസത്തോടെ യു.പി മുഖ്യമന്ത്രിക്ക് ട്വീറ്റ് ചെയ്യുമോ എന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

ലോക നേതാക്കളുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നരേന്ദ്ര മോദിക്കാണെന്നും മോദിയെ പ്രശംസിച്ച് രാഹുലിനെ ട്വീറ്റ് ചെയ്യാന്‍ തരൂരിന് ധൈര്യമുണ്ടോയെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

കേന്ദ്രത്തില്‍ ഇനി മന്ത്രിയാവില്ലെന്ന് ഉറപ്പായതോടെ പിണറായിയോടൊപ്പം ചേരാന്‍ പോവുകയാണെന്ന് തുറന്നു പറയുന്നതാണ് നല്ലതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കോണ്‍ഗ്രസിന് പാരവെച്ചും യോഗിക്കെതിരെ സംസാരിച്ചും കാണിക്കുന്ന ചേഷ്ടകള്‍ ആര്‍ക്കും മനസിലാകുന്നില്ലെന്ന് ധരിക്കരുതെന്നും അസൂയയ്ക്ക് പറ്റിയ മരുന്നില്ല അതുകൊണ്ട് പരിഹാസം നിര്‍ത്തുന്നതാണ് നല്ലതെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

നീതി ആയോഗിന്റെ ആരോഗ്യ വികസന സൂചികയില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയതിനെ അഭിനന്ദിച്ച് ശശി തരൂര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു. പിയില്‍ നിന്ന് പഠിക്കണമെന്ന യോഗിയുടെ മുന്‍പ്രസ്താവനയും ടാഗ് ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.

യോഗി ആദിത്യനാഥിന് താല്‍പര്യമുണ്ടെങ്കില്‍ ആരോഗ്യ സമ്പ്രദായങ്ങള്‍ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നടപടികളും കേരളത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. ഇത് രാജ്യത്തിന് ഗുണം ചെയ്യും. എന്നാല്‍ മുഴുവന്‍ രാാജ്യത്തെയും യു.പിയുടെ അവസ്ഥയിലേക്ക് തള്ളിവിടാനാണ് യോഗി ശ്രമിക്കുന്നതെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ മൊത്തത്തിലുള്ള ആരോഗ്യ പ്രകടനത്തിന്റെ കാര്യത്തിലായിരുന്നു കേരളം ഒന്നാം റാങ്കിലെത്തിയത്.

ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനം. നീതി ആയോഗ് പുറത്തുവിടുന്ന ആരോഗ്യ സൂചികയുടെ നാലാം റൗണ്ട് ആണിത്.

2019-20 റഫറന്‍സ് വര്‍ഷം കണക്കിലെടുത്താണ് സൂചിക തയ്യാറാക്കിയത്. തമിഴ്‌നാടും തെലങ്കാനയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ആരോഗ്യ വികസന സൂചിക പുറത്തു വന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. സാമൂഹ്യ സുരക്ഷ മേഖലകളില്‍ കേരളം മികച്ച പ്രകടനമാണ് നടത്തുന്നതെന്നായിരുന്നു നീതി ആയോഗ് അംഗം ഡോ. വിനോദ്കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സുസ്ഥിര വികസന സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Shashi Tharoor is a Malayalam word that combines jealousy and lust: b. Gopalakrishnan

We use cookies to give you the best possible experience. Learn more