തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരസ്പരം ആശംസകൾ അർപ്പിച്ച് കോൺഗ്രസ് സ്ഥാനാർഥി ശശി തരൂരും എൽ.ഡി.എഫ്. സ്ഥാനാർഥി സി.ദിവാകരനും. തിരുവനന്തപുത്തെ നിയമസഭാ മണ്ഡലമായ കഴക്കൂട്ടത്ത് വെച്ചാണ് ഇരുവരുടെയും പ്രചാരണ സംഘങ്ങൾ തമ്മിൽ കണ്ടുമുട്ടിയത്. ആശംസകൾ അറിയിച്ച ശേഷം താനണിഞ്ഞിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ ഷാൾ ദിവാകരന് കൈമാറാനും ശശി തരൂർ ശ്രമിച്ചു.
സി.ദിവാകരനിലേക്ക് വെളിച്ചമെത്തുമെന്നും, എന്നാൽ അത് അൽപ്പം ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ശശി തരൂർ പിന്നീട് ട്വിറ്ററിൽ കുറിച്ചു. ഇരുവരും തങ്ങളുടെ പ്രചാരണ വാഹനങ്ങളിൽ നിന്നും ആഞ്ഞുനിന്നാണ് പരസ്പരം ആശംസകൾ നൽകിയത്.
‘കഴക്കൂട്ടത്ത് വെച്ച് പ്രചാരണം നടത്തുന്നതിനിടെ സി.പി.ഐ, എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി ദിവാകരനെ കണ്ടുമുട്ടി. നമ്മൾ പരസ്പരം ആശംസകൾ അറിയിച്ചു. അദ്ദേഹത്തിന് ഞാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു ഷാൾ കൈമാറുകയും ചെയ്തു. അദ്ദേഹം വെളിച്ചത്തിലേക്ക് വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. എന്നാൽ ചിത്രത്തിൽ കാണുന്നത് പോലെ അതത്ര എളുപ്പമല്ല എന്നും ഞാൻ മനസിലാക്കുന്നു.’ ശശി തരൂർ തന്റെ ട്വീറ്റിൽ പറയുന്നു.
തിരുവനന്തപുരത്ത് കോൺഗ്രസും, എൽ.ഡി.എഫും, ബി.ജെ.പിയും ചേർന്ന് ശക്തമായ മത്സരം കാഴ്ചവെക്കുമെന്നാണ് കരുതപ്പെടുന്നത്. 2009 മുതൽ ശശി തരൂരാണ് ലോക്സഭയിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്നത്.