ന്യൂദല്‍ഹി: ട്വിറ്ററില്‍ വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായി നിയമിച്ചുവെന്ന വാര്‍ത്തയുടെ ലിങ്കാണ് ശശി തരൂര്‍ ഷെയര്‍ ചെയ്തത്.
Sisat.com എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് തരൂര്‍ തന്റെ ട്വിറ്റര്‍ പേജില്‍ ഷെയര്‍ ചെയ്തത്. “ഇന്ത്യയുടെ രഘുറാം രാജന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായി നിയമിതനായിരിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലേക്ക് ഒരു ഇന്ത്യക്കാരനെ ഇതിനകം ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു ഇന്ത്യക്കാരനെ പ്രധാനമന്ത്രിയായി നിയമിച്ച് എതിര്‍ കോളനിവത്കരണം കൂടി പൂര്‍ത്തിയാക്കാനേ ഇനിയുള്ളൂ.” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
വ്യാജവാര്‍ത്ത ട്വീറ്റു ചെയ്തതിനു പിന്നാലെ നിരവധി പേരാണ് തരൂരിനെ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ മുന്നോട്ടുവന്നത്.
“നിയമിക്കാന്‍ പരിഗണിക്കുന്നതും യഥാര്‍ത്ഥത്തില്‍ നിയമിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നിങ്ങളെപ്പോലുള്ള ആളുകള്‍ വ്യാജവാര്‍ത്തകളില്‍ വീഴുകയും വസ്തുത പരിശോധിക്കാതെ ട്വീറ്റ് ചെയ്യുന്നതും കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു. സിസാത്തിനേക്കാള്‍ വസ്തുത ഉറപ്പുവരുത്താനുള്ള ആളുകള്‍ നിങ്ങള്‍ക്ക് ലഭ്യമാണെന്ന് എനിക്ക് ഉറപ്പാണ്.” എന്നാണ് തെറ്റ് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ട് ഒരാള്‍ ട്വീറ്റു ചെയ്തത്.
തന്റെ പിഴവ് തിരിച്ചറിഞ്ഞതോടെ തരൂര്‍ ട്വിറ്ററിലൂടെ തിരുത്തുമായി മുന്നോട്ടുവന്നു. ഞാനും വ്യാജവാര്‍ത്തകളില്‍ വീണിരിക്കുന്നുവെന്ന് പറഞ്ഞാണ് തരൂര്‍ രംഗത്തുവന്നത്.