| Friday, 7th May 2021, 10:04 pm

'മതഭ്രാന്തിനെ നിസാരമായി കാണാനാകില്ല, വിമര്‍ശകരോട് യോജിക്കുന്നു'; തേജസ്വി സൂര്യ വിഷയത്തില്‍ വിശദീകരണവുമായി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വിദ്വേഷ പരമാര്‍ശം നടത്തിയ ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ നടപടിയെ നിസാരമായി കണ്ടുവെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി എം. പി ശശി തരൂര്‍. തേജസ്വി സൂര്യയുടെ നടപടിയെ താന്‍ ഒരിക്കലും സാധാരണമായി കണ്ടിട്ടില്ലെന്നും എന്നാല്‍ വിമര്‍ശിക്കുന്നവരോട് പൂര്‍ണമായും യോജിക്കുന്നുവെന്നും തരൂര്‍ ട്വീറ്റ് ചെയ്തു.

‘ലോക്‌സഭാ എം. പി തേജസ്വി സൂര്യയെക്കുറിച്ച് പറഞ്ഞത് ചിലര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങളെ പോലെ തന്നെ ഞാനും അദ്ദേഹത്തിന്റെ നടപടിയോട് യോജിക്കുന്നില്ല. 17 മുസ്‌ലിം ജീവനക്കാരോട് മോശമായി പെരുമാറിയതിനോട് ഐക്യപ്പെടുന്നില്ല.

ഒരു സ്പൂണ്‍ മധുരം കൊണ്ട് കയ്ക്കുന്ന മരുന്ന് ഇറക്കാമെന്ന ചൊല്ലുണ്ട്. എന്നാല്‍ എല്ലാവരും ഞാന്‍ പറഞ്ഞതിലെ മധുരം മാത്രമേ കണ്ടുള്ളു. മരുന്നിനെ കണ്ടില്ല. വിമര്‍ശിച്ചവരൊക്കെ വിചാരിച്ചത് മധുരം കൊണ്ട് ഞാന്‍ അദ്ദേഹത്തെ സംരക്ഷിച്ചു എന്നും ഒരിക്കലും ക്ഷമിക്കാനാവാത്ത പ്രവൃത്തിയെ സാധാരണമാക്കിയെന്നുമാണ്. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടു പോലുമില്ല.

അതുകൊണ്ടാണ് ഒരു വിശദീകരണവുമായി രംഗത്തെത്തിയത്. വിമര്‍ശകര്‍ പറയുന്ന പോലെയല്ല, എനിക്ക് വ്യത്യസ്ത പാര്‍ട്ടിയിലുള്ള, വ്യത്യസ്ത നിലപാടുള്ള എം. പിമാരുമായി ഇനിയും പ്രവര്‍ത്തിക്കേണ്ടതുണ്ട്. പക്ഷെ ഞാന്‍ എന്റെ വിമര്‍ശകരോട് യോജിക്കുന്നു. മതഭ്രാന്തിനെ ഒരിക്കലും സാധാരണമായി കാണാനാകില്ല,’ തരൂര്‍ ട്വീറ്റ് ചെയ്തു.

ബെംഗളൂരുവിലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിച്ച തേജസ്വി 17 മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തുകയായിരുന്നു. ഇതില്‍ പ്രതികരിച്ചുകൊണ്ട് നേരത്തെ തരൂര്‍ രംഗത്തെത്തിയിരുന്നു.

തന്റെ യുവ സഹപ്രവര്‍ത്തകനായ തേജസ്വി സൂര്യ സമര്‍ത്ഥനും കഴിവുള്ളവനും ആണെന്നും പക്ഷേ ഇത്തരത്തില്‍ ഉള്ള പെരുമാറ്റം ഒഴിവാക്കണമെന്നാണ് തേജസ്വിയോട് തനിക്ക് പറയാനുള്ളതെന്നുമാണ് തരൂര്‍ പറഞ്ഞത്.

എന്നാല്‍ തരൂരിന്റെ ഈ പ്രതികരണം തേജസ്വി സൂര്യ ചെയ്ത നടപടിയെ സാധാരണ വല്‍ക്കരിക്കുന്നതാണെന്നാണ് വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്ന പ്രതികരണം.

മതഭ്രാന്ത് കാണിക്കുന്നവരോട് സ്‌നേഹമോ ക്ഷമയോ കാണിക്കേണ്ടെന്നാണ് നടന്‍ സിദ്ധാര്‍ത്ഥ് പറഞ്ഞത്. തരൂരിന്റെ ട്വീറ്റിന് താഴെയും നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ബി.ജെ.പി എം.എല്‍.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്‌മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്. സന്ദര്‍ശനം നടത്തിയ സമയത്ത് മുസ്‌ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു.

എന്തടിസ്ഥാനത്തിലാണ് മുസ്‌ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

കൊവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.

കൊവിഡ് വാര്‍ റൂമില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്‌ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കൊവിഡ് വാര്‍ റൂമില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ഹാജരാക്കാന്‍ തേജസ്വിക്കായിട്ടില്ല.
സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തേജസ്വി രംഗത്തെത്തിയിരുന്നു.

ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നുമാണ് തേജസ്വി പറഞ്ഞ്.

തേജസ്വിയുടെ മാപ്പു പറച്ചില്‍ വെറും നാടകമാണെന്ന് വാര്‍ റൂമിലെ ജീവനക്കാര്‍ പറഞ്ഞു. തങ്ങളുടെ സഹപ്രവര്‍ത്തകരായ മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor explanation about comment on Thejasvi Surya

We use cookies to give you the best possible experience. Learn more