ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം തെരഞ്ഞെടുപ്പ് പ്രസംഗം പോലെയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അടുത്ത തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത രാഷ്ട്രപതിയെ ഉപയോഗിക്കുന്നുവെന്നും തരൂര്‍ ആരോപിച്ചു.
സര്‍ക്കാര്‍ ചെയ്ത എല്ലാത്തിനെയും പുകഴ്ത്തുകയാണ് നയപ്രഖ്യാപനത്തില്‍ രാഷ്ട്രപതി ചെയ്തതെന്നും, തിരിച്ചടി നേരിട്ട ഭാഗങ്ങള്‍ ഒഴിവാക്കിയെന്നും തരൂര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം. രാഷ്ട്രപതിയായ ശേഷം പാര്‍ലമെന്റില്‍ അവര്‍ നടത്തുന്ന ആദ്യ പ്രസംഗമായിരുന്നു ചൊവ്വാഴ്ചത്തേത്.
തുടര്‍ച്ചയായി രണ്ട് തവണ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ തിരഞ്ഞെടുത്തതിന് ജനങ്ങളോട് നന്ദിയറിയിച്ച രാഷ്ട്രപതി, നോട്ട് നിരോധനം, മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, തീവ്രവാദത്തിനെതിരായി സര്‍ക്കാര്‍ കൈക്കൊണ്ട സമീപനം എന്നിവയെയെല്ലാം പ്രകീര്‍ത്തിച്ച് സംസാരിച്ചു.
രാമക്ഷേത്ര നിര്‍മാണം, കര്‍തവ്യ പഥ്, പുതിയ പാര്‍ലമെന്റ് നിര്‍മാണം എന്നിവയും രാഷ്ട്രപതി പ്രസംഗത്തിനിടെ പരാമര്‍ശിച്ചു.
ലോകത്തിന് മുമ്പില്‍ ഇന്ത്യയുടെ പ്രതിച്ഛായ മാറിയെന്ന് അവകാശപ്പെട്ട രാഷ്ട്രപതി, 2047ല്‍ സ്വയം പര്യാപ്ത ഇന്ത്യ പണിതുയര്‍ത്തുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.
എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റേത് ജനദ്രോഹ നടപടികളികളെന്ന് ആരോപിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ആം ആദ്മിപാര്‍ട്ടിയും, ബി.ആര്‍.എസും ബഹിഷ്‌കരിച്ചു.
Content Highlight: Shashi Tharoor Criticizing Draupadi murmu over her first inaugural Speech in the Parliament Praising Central Government