ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തിനോട് തെറ്റായ സമീപനമാണ് വച്ചുപുലര്‍ത്തുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിനു മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഞങ്ങള്‍ക്ക് ഗുജറാത്തിനോട് സ്‌നേഹം മാത്രമേയുള്ളുവെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
ഇന്നലെ ഗാന്ധി നഗറില്‍ നടന്ന റാസിയിലായിരുന്നു മോദി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. കോണ്‍ഗ്രസിന്റെ കണ്ണിലെ കരടായിരുന്നു ഗുജറാത്തെന്നും ഗുജറാത്തിനെ നശിപ്പിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന റാലിയില്‍ മോദി പറഞ്ഞിരുന്നു.
ഇതിനു പിന്നലെയാണ് പ്രധാന മന്ത്രിക്ക് മറുപടിയുമായി ശശി തരൂര്‍ രംഗത്തെത്തിയത്. “എന്റെ മകന്‍ വിവാഹം കഴിച്ചത് ഗുജറാത്തില്‍ നിന്നാണ്. ഞങ്ങള്‍ക്ക് ആ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്‌നേഹം മാത്രമേയുള്ളു” എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.
ശശി തരൂറിന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ ഇഷാന്‍ തരൂര്‍ ഗുജറാത്ത് സ്വദേശിയായ ഭൂമികയെയാണ് വിവാഹം കഴിച്ചത്. ഞായറാഴ്ചയായിരുന്നു വിവാഹ ചടങ്ങുകള്‍. പട്ടേല്‍ സമുദായത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് വിജയം കഠിനമാകുമെന്ന് ഉറപ്പുള്ള ബി.ജെ.പി കഴിഞ്ഞദിവസം കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് നടത്തിയിരുന്നത്.
ഗുജറാത്തിനെ നശിപ്പിക്കാനുള്ള ഒരവസരവും കോണ്‍ഗ്രസ് പാഴാക്കിയിട്ടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നര്‍മ്മദ അണക്കെട്ട് ആവിഷ്‌കരിച്ചത് സര്‍ദാര്‍ പട്ടേലാണെന്നും അതുകൊണ്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കോണ്‍ഗ്രസ് അനുവദിക്കാതിരുന്നതെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു.