തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി ശശി തരൂര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അദ്ദേഹം ഹൈക്കമാന്‍ഡിന് പരാതി നല്‍കി. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി.
അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും തരൂരിന്റെ പരാതിയില്‍ പറയുന്നു. ഡി.സി.സി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂര്‍ പരാതിയില്‍ ആരോപിക്കുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി 16,077 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 358155 വോട്ടുകള്‍ക്കാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ പന്ന്യന്‍ രവീന്ദ്രന് 247648 വോട്ടുകളാണ് നേടാനായത്. രാജീവ് ചന്ദ്രശേഖരന് ലഭിച്ചത് 342078 വോട്ടുകളാണ്.
തിരുവനന്തപുരത്ത് മൂന്നു മണ്ഡലങ്ങളില്‍ സംഘടനാ വീഴ്ചയുണ്ടായെന്ന് ശശി തരൂര്‍ പറഞ്ഞു. നേമവും കഴക്കൂട്ടവും വട്ടിയൂര്‍ക്കാവും പാര്‍ട്ടിക്ക് വലിയ രീതിയില്‍ തിരിച്ചടി നേരിട്ട മേഖലകളാണ്. വോട്ടെണ്ണലിന്റെ അവസാന റൗണ്ടുകളിലായിരുന്നു തരൂര്‍ ലീഡ് ഉയര്‍ത്തിയത്.
സംഘടനാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തരൂര്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന യോഗത്തില്‍ പറഞ്ഞിരുന്നു. തീരദേശ വോട്ടുകളാണ് തരൂരിന്റെ വിജയത്തിന് പിന്നിലെന്നും യോഗം ചൂണ്ടിക്കാട്ടിയിരുന്നു.
ബി.ജെ.പി യുടെ ഏകാധിപത്യ മനോഭാവവും അഹങ്കാരവുമാണ്, തിരുവനന്തപുരത്തെ അവരുടെ പരാജയത്തിനുപിന്നിലെന്ന് തരൂര്‍ പറഞ്ഞു. ജനങ്ങളെ അത്രയെളുപ്പം വഞ്ചിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും യുവാക്കള്‍ക്കായി സീറ്റ് വിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.