| Tuesday, 17th October 2023, 10:02 pm

'ഇന്ത്യ' അധികാരത്തിലെത്തിയാല്‍ ഖാര്‍ഗെയോ രാഹുലോ പ്രധാനമന്ത്രി; തന്റെ വാക്കുകളെ ചിലര്‍ വളച്ചൊടിച്ചെന്നും ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം വിജയിച്ചാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ രാഹുല്‍ ഗാന്ധിയോ പ്രധാനമന്ത്രി ആയേക്കുമെന്ന് ശശി തരൂര്‍. തിരുവനന്തപുരത്ത് അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ബ്ലോക്കിന്റെ നേതാക്കള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ഒന്നുകില്‍ ഇന്ത്യയുടെ ആദ്യത്തെ ദളിത് പ്രധാനമന്ത്രിയായ ഖാര്‍ഗെ ആയിരിക്കും, അല്ലെങ്കില്‍ രാഹുല്‍ ഗാന്ധി,’ തരൂര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കോണ്‍ഗ്രസ് ഒരു കുടുംബത്തെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി എന്ന പ്രസ്താവന വിവാദമയതോടെ ശശി തരൂര്‍ വിശദീകരണം നല്‍കി. സ്വകാര്യ പരിപാടിക്കിടെ താന്‍ നടത്തിയ പ്രസ്താവന ചിലര്‍ വളച്ചൊടിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നെഹ്‌റു-ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ ശക്തിയാണെന്നാണ് താന്‍ പറഞ്ഞതെന്നും ശശി തരൂര്‍ പറഞ്ഞു.

‘നെഹ്‌റു-ഗാന്ധി കുടുംബത്തിന്റെ ഡി.എന്‍.എ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ നേരത്തെയും പറഞ്ഞിരുന്നു. നെഹ്‌റു കുടുംബം കോണ്‍ഗ്രസിന്റെ ശക്തിയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ രാഹുല്‍ ഗാന്ധിക്കാണ് പ്രവര്‍ത്തകരുടെ പിന്തുണ,’ ശശി തരൂര്‍ എക്‌സില്‍ കുറിച്ചു.

Content Highlights: Shashi Tharoor clarifies on Congress family-run party statement

Latest Stories

We use cookies to give you the best possible experience. Learn more