കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തു കുതിരയുടെ പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോദിയെന്നായിരുന്നു തരൂരിന്റെ പരിഹാസം.
മോദി ഏകാംഗ സര്‍ക്കാറാണ്. അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവര്‍. ഇന്ത്യയില്‍ ഇതുവരെയുണ്ടായ പ്രധാനമന്ത്രിമാരുടെ ഓഫീസുകളില്‍ ഏറ്റവും കേന്ദ്രീകൃതമായ ഓഫീസാണ് നിലവിലുള്ളതെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.
എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. എല്ലാ ഫയലുകളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മറ്റു പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആയിരിക്കണമെന്നില്ല എന്നും തരൂര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച മോദിയെ ശിവലിംഗത്തിലിരിക്കുന്ന തേള് എന്ന് ബി.ജെ.പി നേതാവ് വിശേഷിപ്പിച്ചത് ശശി തരൂര്‍ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ബി.ജെ.പി ദല്‍ഹി കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് പുതിയ പരാമര്‍ശം.