2019ല്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല; പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം: ശശി തരൂര്‍
Pegasus Project
2019ല്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് സമ്മതിക്കാന്‍ അവര്‍ തയ്യാറായില്ല; പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണം: ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th July 2021, 9:19 am

ന്യൂദല്‍ഹി: ഇസ്രാഈല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്ത്യയിലെ ഉന്നതരുടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടിന് പിന്നാലെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.പിയും ഐ.ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ശശി തരൂര്‍.

2019ല്‍ ഇന്ത്യയിലെ ചില ഉന്നതരുടെ വിവരങ്ങള്‍ പെഗാസസ് ചോര്‍ത്തുന്നുവെന്ന് ടൊറന്റോയിലെ സിറ്റിസണ്‍ ലാബ് അറിയിച്ചതിന് പിന്നാലെ ബന്ധപ്പെട്ടവരെ അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറയുന്നു. ഫോണ്‍ ചോര്‍ത്തലിന് ഇരയാക്കപ്പെട്ടവരുടെ പ്രതിനിധികളെയും ഐ.ടി., ആഭ്യന്തര മന്ത്രാലയം എന്നിവരെയും ഐ.ടി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി വിളിപ്പിച്ചിരുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പോലും ഇത്തരത്തിലൊരു മാല്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ അന്ന് അക്കാര്യങ്ങള്‍ എവിടെയും എത്താതെ അവസാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.

പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ സമ്മതിച്ചിട്ടില്ല. എന്നാല്‍ പെഗാസസ് നിര്‍മ്മാതാക്കളായ എന്‍.എസ്.ഒ. അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമേ തങ്ങള്‍ സോഫ്റ്റ് വെയര്‍ വില്‍ക്കാറുള്ളുവെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കേന്ദ്ര സര്‍ക്കാരാണോ അതോ ഏതെങ്കിലും വിദേശ സര്‍ക്കാരുകളാണോ ഇന്ത്യയില്‍ ഈ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതെന്നാണ് പ്രധാന ചോദ്യമെന്നും ശശി തരൂര്‍ പറഞ്ഞു.

മോദി സര്‍ക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും ചില വ്യവസായികളുടേയും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം.

ഇസ്രഈല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍കമ്പനിയായ എന്‍.എസ്.ഒ. ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി പാസ്‌വേര്‍ഡ് ബന്ധപ്പെടുന്ന ആളുകളുടെ വിവരങ്ങള്‍, വന്നതും അയച്ചതുമായ മെസേജുകള്‍, ക്യാമറ, മൈക്രോഫോണ്‍, സഞ്ചാരപഥം, ജി.പി.എസ്. ലോക്കേഷന്‍ തുടങ്ങി മുഴുവന്‍ വിവരവും ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ , ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.

പെഗാസസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്ന് അന്വേഷണം നടത്തിയ മാധ്യമസ്ഥാപനങ്ങള്‍ അറിയിക്കുന്നു. ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് നിലവില്‍ പുറത്തു വരുന്ന വിവരം.

പല രാജ്യങ്ങളിലും ഭരണകൂടങ്ങള്‍ തന്നെ ഇസ്രയേല്‍ ചാര സോഫ്റ്റ് വെയര്‍ വാങ്ങി തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നവരുടെ ഫോണ്‍ ചോര്‍ത്തി എന്നാണ് മാധ്യമകൂട്ടായ്മ വ്യക്തമാക്കുന്നത്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ ഫോണുകളാണ് വ്യാപകമായി ചോര്‍ത്തപ്പെട്ടത്.

2019ലാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ആഗോളതലത്തില്‍ ചര്‍ച്ചയാവുന്നത്. 20 രാജ്യങ്ങളില്‍ നിന്നുള്ള 1400 പേരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ചാര ഗ്രൂപ്പിനെതിരെ നടപടിയാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് യു.എസ്. ഫെഡറല്‍ കോടതിയെ സമീപിച്ചതോടെയാണ് വിവരം ചോര്‍ത്തല്‍ അന്ന് ശരിക്കും പുറത്തുവന്നത്. അന്ന് സംഭവം വിവാദമായതിന് പിന്നാലെ പെഗാസസ് ആക്രമണത്തില്‍ ഇന്ത്യക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടുവെന്ന് വെളിപ്പെടുത്തലുമായി ചില വാര്‍ത്തകള്‍ വന്നിരുന്നു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Shashi Tharoor calls for independent probe in Pegasus Snoopgate