| Friday, 27th October 2023, 7:00 pm

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം; ശശി തരൂരിനെ ഒഴിവാക്കി തിരുവനന്തപുരത്തെ മഹല്ല് എംപവര്‍മെന്റ് മിഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്ടം: തിരുവന്തപുരത്തെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഗമത്തില്‍ നിന്ന് ശശി തരൂരിനെ ഒഴിവാക്കി. തിരുവനന്തപുരം നഗരത്തിലെ 32 മുസ്ലിം ജമാഅത്തുകളുടെ കൂട്ടായ്മയായ മഹല്ല് എംപവര്‍മെന്റ് മിഷന്‍ സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്നാണ് തരൂരിനെ ഒഴിവാക്കിയത്. കോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയില്‍ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് തീരുമാനം.

പരിപാടിയുടെ ഉദ്ഘാടകനായി തീരുമാനിച്ചിരുന്നത് ശശി തരൂരിനെയായിരുന്നു. എം.എ. ബേബിയക്കടക്കമുള്ള സി.പി.ഐ.എം നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു.

എം.ഇ.എം സൂമില്‍ നടത്തിയ യോഗത്തിലാണ് തരൂരിനെ ഫലസ്തീന്‍ അനുകൂല സംഗമത്തില്‍ പങ്കെടുപ്പിക്കേണ്ടെന്ന് തീരുമാനമായത്. പരാമര്‍ശത്തിലുള്ള പ്രതിഷേധം തരൂരിനെ അറിയിക്കാന്‍ തീരുമാനിച്ചതായും സംഘടനാ നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

എം.ഇ.എമ്മിന്റെ തീരുമാനം കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം ഹമാസിനെതിരായ പരാമര്‍ശം നടത്തിയ ശശി തരൂരിനെതിരെ ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ വെമ്പായം നസീര്‍ പരാതി നല്‍കി. ഹമാസിനെ ആക്ഷേപിച്ചതില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിന് പരാതി നല്‍കിയത്.

പരാമര്‍ശത്തെ തുടര്‍ന്ന് ഫലസ്തീനികള്‍ക്ക് ഉപകാരം ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഉപദ്രവം ഏല്‍പ്പിക്കാതിരിക്കാനെങ്കിലും ലീഗ് നോക്കേണ്ടതായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി. ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ചെലവില്‍ ശശി തരൂര്‍ ഇസ്രഈല്‍ ഐക്യദാര്‍ഢ്യ സമ്മേളനമാണ് നടത്തിയതെന്ന് സി.പി.ഐ.എം നേതാവ് എം. സ്വരാജും പ്രതികരിച്ചിരുന്നു.

Content Highlight: Shashi Tharoor barred from pro-Palestine rally in Thiruvananthapuram

We use cookies to give you the best possible experience. Learn more