ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിയെ മാനുഷിക പരിഗണന വെച്ച് ജയിലില്‍ നിന്നും മോചിതനാക്കണമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. അങ്ങനെ മോചിപ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ അദ്ദേഹത്തിന് ആവശ്യമായി ചികിത്സയെങ്കിലും നല്‍കണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹത്തെ കൊവിഡ് ടെസ്റ്റിന് വിധേയനാക്കുന്നില്ലെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശശി തരൂര്‍ അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നത്.
‘മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ജയില്‍മോചിതനാക്കിയേ തീരു. അദ്ദേഹത്തിന് അതിനുള്ള എല്ലാ അവകാശവുമുണ്ട്. ഇനി അങ്ങനെ ജയില്‍ മോചിതനാക്കാന്‍ സാധിക്കില്ല എന്നാണെങ്കില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കണം, മനുഷ്യനെ പോലെ പരിഗണിക്കുകയെങ്കിലും വേണം.
ഒരു നിരപരാധിയെ തടവില്‍ വെക്കുന്നത് തന്നെ ഏറ്റവും മോശമായ കാര്യമാണ്. അതും പോരാതെ, ആ തടവിന്റെ അവസ്ഥകള്‍ തന്നെയും ഒരു ശിക്ഷാരീതിയായി മാറുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ല,’ ശശി തരൂരിന്റെ ട്വീറ്റില്‍ പറയുന്നു.
മെയ് 15നാണ് ഫാ.സ്റ്റാന്‍ സ്വാമിയുടെ സുഹൃത്ത് ഫാ.ജോസഫ് സേവ്യര്‍ അദ്ദേഹത്തിന്റെ ഫോണ്‍ കോള്‍ വന്നിരുന്നെന്നും വല്ലാതെ തളര്‍ന്നിരിക്കുകയാണെന്ന് പറഞ്ഞെന്നും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.
‘വേദനകള്‍ സഹിക്കാന്‍ കഴിയുന്നയാളാണ് സ്റ്റാന്‍. ഒരിക്കലും അദ്ദേഹം പരാതി പറയാറില്ല. പക്ഷെ, ജീവിതത്തില്‍ ആദ്യമായി, വല്ലാതെ തളര്‍ന്നിരിക്കുകയാണെന്നും എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് ഇതുവരെയും കൊവിഡ് പരിശോധന നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല,’ ഫാ. ജോസഫ് സേവ്യര്‍ പറയുന്നു.
84കാരനായ ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്നും ജയിലില്‍ അദ്ദേഹത്തിന് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗബാധിതന്‍ കൂടിയാണ് സ്റ്റാന്‍ സ്വാമി.
സ്റ്റാന്‍ സ്വാമിയ്ക്ക് അടിയന്തരമായി ചികിത്സാ സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാന്‍ സ്വാമി അംഗമായ ജെസ്യൂട്ട് വൈദീക സമൂഹം രംഗത്തെത്തിയിട്ടുണ്ട്. ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വത്സേ പാട്ടീലിന് കത്തെഴുതി. നിലവില്‍ തലോജ ജയിലിലാണ് സ്റ്റാന്‍ സ്വാമിയെ തടവിലിട്ടിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക