| Thursday, 17th December 2020, 12:50 pm

മുഖം മറച്ചിരിക്കാന്‍ കിട്ടിയ ഒഴികഴിവ്, പൊയ്മുഖം അഴിച്ചുമാറ്റൂ! കേന്ദ്രത്തിന്റെ 'പുതിയ അടവി'നെതിരെ തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കൊവിഡിന്റെ പേരുപറഞ്ഞ് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഒഴിവാക്കിയ നടപടിക്കെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡിന്റെ ഒഴികഴിവ് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ അതിന്റെ യഥാര്‍ത്ഥ മുഖം ഒളിച്ചു പിടിക്കുകയാണെന്ന് തരൂര്‍ പറഞ്ഞു.

”ഈ അസുഖം കാരണം, ഒരു കാര്യം സര്‍ക്കാരിന് നല്ലതായിത്തീര്‍ന്നു, മുഖം മറയ്ക്കാന്‍ ഒരു ഒഴികഴിവ് ലഭിച്ചു!” തരൂര്‍ കേന്ദ്രത്തെ പരിഹസിച്ചു.

കഴിഞ്ഞ ദിവസം കേന്ദ്രത്തെ വിമര്‍ശിച്ചിട്ട ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രതികരണം.

പാര്‍ലമെന്റ് ശീതകാല സമ്മേളനം ചേരാന്‍ സാധിക്കില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ട്വീറ്റ്. ‘പാര്‍ലമെന്റ് ഫ്രം ഹോം’ നടത്തുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ടുപോകുന്നതിനുള്ള കാമ്പുള്ള ഒരു കാരണമെങ്കിലും പറയാന്‍ കഴിയുമോ എന്നാണ് തരൂര്‍ ചോദിച്ചത്.

‘ 543 എം.പിമാരെ ബന്ധിപ്പിക്കാന്‍ കഴിയാത്തവിധം നമ്മല്‍ ഐ.ടിയില്‍ പിന്നോക്കം നില്‍ക്കുന്നുണ്ടോ? മറ്റെല്ലാം തുറന്നിരിക്കുമ്പോള്‍, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണ സ്ഥാപനം മാത്രം അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാകുന്നത് എങ്ങനെ?”, അദ്ദേഹം ചോദിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് തരൂര്‍ രംഗത്തെത്തിയത്.
കൊവിഡ് വ്യാപനം ഒഴിവാക്കാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചതായാണ് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞത്. ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു.

കര്‍ഷക പ്രതിഷേധം ശക്തിപ്പെട്ടുക്കൊണ്ടിരിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shashi Tharoor agianst Central Government stand On Farmers Protest

We use cookies to give you the best possible experience. Learn more