| Monday, 7th December 2020, 5:45 pm

സാമാന്യ ബോധമുള്ള ഒരാളുമുണ്ടായിരുന്നില്ലേ! ട്വിറ്ററിന്റെ പ്രവൃത്തി വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ട്വിറ്ററിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിന്റെ പ്രവൃത്തി തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് തരൂരിന്റെ പ്രതികരണം.

ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 28ാം വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് ബാബരിയെക്കുറിച്ചുള്ള കവിത ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സലില്‍ തൃപാഠിയുടെ അക്കൗണ്ടിന് വിലക്കേര്‍പ്പെടുത്തിയ ട്വിറ്ററിന്റെ നടപടിക്ക് പിന്നാലെയാണ് വിമര്‍ശനവുമായി തരൂര്‍ രംഗത്തെത്തിയത്.

ഏറെ ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരനും മനുഷ്യവകാശ പ്രവര്‍ത്തകനുമായ വ്യക്തിയുടെ അക്കൗണ്ട് എങ്ങനെയാണ് ട്വിറ്ററിന് സസ്പെന്‍ഡ് ചെയ്യാന്‍ കഴിയുന്നതെന്ന് തരൂര്‍ ചോദിച്ചു.

എന്ത് അല്‍ഗോരിതത്തിന്റെ പേരിലാണെങ്കിലും ഇത്തരം നടപടി എടുക്കുന്നതിനിടയില്‍ അല്‍പ്പമെങ്കിലും സാമാന്യ ബോധമുള്ള ഒരു മനുഷ്യനും അവിടെയുണ്ടായിരുന്നില്ലേ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ട്വിറ്ററിനെതിരെ മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും രംഗത്തെത്തിയിരുന്നു. അതിരുകടന്ന പ്രവൃത്തിയാണ് ട്വിറ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഭൂഷണ്‍ പ്രതികരിച്ചത്.

സലില്‍ തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ബാബരി മസ്ജിദിനെക്കുറിച്ചും ഗുജറാത്തിനെക്കുറിച്ചുമുള്ള കവിത എഴുതിയത്. ഈ കവിതയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്.
ഇതിന് പിന്നാലെയായിരുന്നു ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്റ് ചെയ്യപ്പെടുന്നത്.

2009 ല്‍ സലില്‍ തൃപാഠി പബ്ലിഷ് ചെയ്ത ‘Offence: The Hindu ഇമലെ’ എന്ന പുസ്തകത്തിലെ My Mother’s Fault’ എന്ന കവിത ചൊല്ലുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററില്‍ അപ്ലോഡ് ചെയ്തത്. ഇത് വിദ്വേഷം ഉളവാക്കുന്നതാണ് എന്ന് രേഖപ്പെടുത്തിയാണ് അക്കൗണ്ട് സസ്‌പെന്റ് ചെയ്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shashi Tharoor against Twitter

We use cookies to give you the best possible experience. Learn more