'മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നമായ സിംഹം വെറും പൂച്ചയായി മാറി'; നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായെന്നും ശശി തരൂര്‍ എം.പി
Kerala
'മേക്ക് ഇന്‍ ഇന്ത്യയുടെ ചിഹ്നമായ സിംഹം വെറും പൂച്ചയായി മാറി'; നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായെന്നും ശശി തരൂര്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th June 2017, 8:42 am

 

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന് ബാധ്യതയായെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. നോട്ടുകള്‍ അസാധുവാക്കിയതടക്കമുള്ള മോദിസര്‍ക്കാറിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചുവെന്നും തരൂര്‍ പറഞ്ഞു.

“മേക്ക് ഇന്‍ ഇന്ത്യ” പദ്ധതിയുടെ ചിഹ്നം സിംഹമാണ്. എന്നാല്‍ ഈ സിംഹം ഇപ്പോള്‍ വെറും പൂച്ചയായി മാറിയിരിക്കുകയാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ മോദിസര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് എന്തുഗുണമാണ് ചെയ്തതെന്നു വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


Also Read: ‘അടുത്ത കേരള ഭരണം തങ്ങള്‍ക്ക് തന്നെയെന്ന് ബി.ജെ.പി ഉറപ്പിചച്ചോ?’; തിരുവനന്തപുരത്തെ പുതിയ ബി.ജെ.പി ആസ്ഥാനമന്ദിരത്തില്‍ ‘മുഖ്യമന്ത്രി’യ്ക്കായി ഓഫീസ്


പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്ന വാഗ്ദാനം പ്രസംഗത്തില്‍ മാത്രം ഒതുങ്ങി. അസംസ്‌കൃത എണ്ണ വില ഇടിഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാറിന് 2,33,000 കോടിയുടെ നേട്ടമാണ് ഉണ്ടായതെങ്കിലും ഉപഭോക്താക്കള്‍ക്ക് യാതൊരു ഗുണവും ലഭിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.

നോട്ടുനിരോധനം നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിച്ച സര്‍ക്കാര്‍, എത്രകള്ളപ്പണം കിട്ടിയെന്നോ, എത്ര പണം നിക്ഷേപിക്കപ്പെട്ടെന്നോ വെളിപ്പെടുത്തിയില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടക്കമിട്ട പദ്ധതികളാണ് മോദി ഇപ്പോള്‍ ഉദ്ഘാടനം ചെയ്യുന്നത്. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ കേരളത്തില്‍ കൊച്ചിനഗരത്തെ മാത്രമാണു തിരഞ്ഞെടുത്തത്. യഥാസമയം പദ്ധതിക്കു പണംനല്കുന്നതിലും കേന്ദ്രം പരാജയപ്പെട്ടു.


Don”t Miss: യു.പിയില്‍ 9 കാരിയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആംബുലന്‍സ് അനുവദിച്ചില്ല; അമ്മാവന്‍ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോയി


ബാങ്കുകളുടെ വായ്പാ വളര്‍ച്ച 63 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ താഴ്ചയിലേക്ക് കൂപ്പുകുത്തി (5.3 ശതമാനം) യെന്ന് സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സ്വച്ഛ് ഭാരതും ഗംഗാശുചീകരണവും വെറും പ്രചാരണത്തില്‍ അവസാനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നവമാധ്യമങ്ങള്‍ കൂടി ഉപയോഗിച്ച് കേന്ദ്രനയങ്ങള്‍ക്കെതിരെ വ്യാപകമായ രീതിയില്‍ പ്രചരണം നടത്തുമെന്ന് എ.ഐ.സി.സി സമൂഹിക വക്താവ് ദിവ്യാസ്പന്ദന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.