|

നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുത്; ഫേസ്ബുക്കിനെതിരെ വിമര്‍ശനവുമായി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഫേസ്ബുക്കിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും വിമര്‍ശിച്ചതിന് പിന്നാലെ കവി സച്ചിദാനന്ദന് വിലക്ക് ഏര്‍പ്പെടുത്തിയ ഫേസ്ബുക്കിന്റെ നടപടിയെയാണ് തരൂര്‍ വിമര്‍ശിച്ചത്.

ബി.ജെ.പിയുടെ പരാജയത്തെക്കുറിച്ചുള്ള വീഡിയോ പോസ്റ്റ് ചെയ്തതിന് സച്ചിദാനന്ദന്റെ അക്കൗണ്ട് സസ്‌പെന്റ് ചെയ്ത ഫേസ്ബുക്കിന്റെ നടപടി പരിതാപകരമാണെന്ന് തരൂര്‍ പറഞ്ഞു.നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ പറഞ്ഞു.

കേരളത്തിലെ ബി.ജെ.പിയുടെ പരാജയത്തെ കുറിച്ചുള്ള നര്‍മ്മം കലര്‍ന്ന ഒരു വീഡിയോയും മോദിയെ ക്കുറിച്ച് ‘ കണ്ടവരുണ്ടോ’ എന്ന ഒരു നര്‍മ്മരസത്തിലുള്ള പരസ്യവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് വിലക്ക് വന്നതെന്ന് സച്ചിദാനന്ദന്‍ പറഞ്ഞിരുന്നു.

ഇവ രണ്ടും തനിക്ക് വാട്സ്ആപ്പില്‍ അയച്ചു കിട്ടിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പും തനിക്ക് ഫേസ്ബുക്കിന്റെ താക്കീത് കിട്ടിയിരുന്നെന്നും സച്ചിദാനന്ദന്‍ പറയുന്നു.

‘ഏപ്രില്‍ 21-ന് ഒരു താക്കീത് കിട്ടിയിരുന്നു. അത് ഒരു ഫലിതം നിറഞ്ഞ കമന്റിനായിരുന്നു. അതിനും മുമ്പും പല കമന്റുകളും അപ്രത്യക്ഷമാകാറുണ്ട്. താക്കീത് നേരിട്ട് ഫേസ്ബുക്കില്‍ നിന്നാണ് വന്നത്. അടുത്ത കുറി നിയന്ത്രിക്കുമെന്ന് അതില്‍ തന്നെ പറഞ്ഞിരുന്നു. മെയ് ഏഴിന്റെ അറിയിപ്പില്‍ പറഞ്ഞത് 24 മണിക്കൂര്‍ ഞാന്‍ പോസ്റ്റ് ചെയ്യുന്നതും കമന്റ് ചെയ്യുന്നതും ലൈക് ചെയ്യുന്നതുമെല്ലാം വിലക്കിയിരിക്കുന്നു എന്നും 30 ദിവസം ഫേസ് ബുക്കില്‍ ലൈവ് ആയി പ്രത്യക്ഷപ്പെടരുതെന്നുമാണ്,” സച്ചിദാനന്ദന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Shashi Tharoor against Face Book