തിരുവനന്തപുരം: അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ ബി.ജെ.പി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മാധ്യമ സ്വാതന്ത്ര്യം ആര്‍ട്ടിക്കള്‍ 19 അനുശാസിക്കുന്നതാണ്. എന്തെങ്കിലും സംഭവിക്കുമ്പോള്‍ അവിടെ പോകാനും അത് റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കുക എന്നത് മാധ്യമപ്രവര്‍ത്തകന്റെ അവകാശമാണെന്നും അതിനെ തടയാന്‍ പാടില്ലെന്നും തരൂര്‍ പറഞ്ഞു.
‘അതവരുടെ കടമയാണ്. ജനാധിപത്യ സംവിധാനത്തിനകത്ത് അവര്‍ക്ക് ഒരു സ്ഥാനമുണ്ട്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവരെ ജോലി ചെയ്യാന്‍ അനുവദിക്കണം. എന്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്? കോടതി തന്നെ ചോദിക്കേണ്ട ഒരു പ്രശ്‌നമാണത്. അല്ലെങ്കില്‍ ജനാധിപത്യം എന്ന് പറയുന്നതിന് പോലും അര്‍ത്ഥമില്ലാതെയാവും’.
പ്രതിഷേധത്തിനിടെ ആളുകള്‍ കൊല്ലപ്പെട്ടത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും തരൂര്‍ ചൂണ്ടിക്കാട്ടി. ‘രാജ്യത്തൊട്ടാകെ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. പക്ഷേ, മറ്റൊരിടത്തും മരണമുണ്ടായിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിഷേധം അക്രമത്തിലേക്കെത്തിയതും ആളുകള്‍ കൊല്ലപ്പെട്ടതും. ദല്‍ഹി ബി.ജെ.പിയല്ല ഭരിക്കുന്നതെങ്കില്‍ കൂടിയും അവിടുത്തെ പൊലീസ് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്. പൊലീസ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് തെറ്റാണ്’ ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും തരൂര്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് പൗരത്വ നിയമത്തിനെതിരെ നടന്ന പ്രതിധേഷധത്തില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകരെ മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ക്യാമറയടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.