| Sunday, 23rd August 2020, 9:15 am

ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍  ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ? കേന്ദ്രത്തിനെതിരെ ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹിന്ദി അറിയില്ലെങ്കില്‍ പുറത്തുപോകാന്‍ ആവശ്യപ്പെട്ട ആയുഷ് സെക്രട്ടറിക്കെതിരെ ശശി തരൂര്‍. സംഭവത്തില്‍ കേന്ദ്രസര്‍ക്കാറിനേയും  അദ്ദേഹം വിമര്‍ശിച്ചു. ഇന്ത്യക്കാരെ ഭിന്നപ്പിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തിക്കൊണ്ടിരിക്കുന്നതെന്നും തരൂര്‍ പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ട്രെയിനിംഗിനിടെ ഹിന്ദി അറിയാത്ത ഡോക്ടര്‍മാരോട് ഇറങ്ങിപ്പോയിക്കോളാന്‍ ആവശ്യപ്പെട്ട സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയുടെ നടപടി വിവാദങ്ങള്‍ക്ക് വഴിയൊരിക്കിയിരുന്നു.

തമിഴ്‌നാട്ടില്‍ നിന്നുള്ള യോഗ, പ്രകൃതി ചികിത്സ ഡോക്ടര്‍മാരാണ് ആയുഷ് സെക്രട്ടറിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവരെ ഉള്‍പ്പെടുത്തി നടത്തിയ വെബ്ബിനാറില്‍ വെച്ച് ഹിന്ദി അറിയില്ലെങ്കില്‍ പരിപാടിയില്‍ നിന്ന് പുറത്തുപോകാന്‍ കേന്ദ്ര ആയുഷ് സെക്രട്ടറി ആവശ്യപ്പെടുകയായിരുന്നു.

സംഭവത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് പ്രതികരണവുമായി ശശിതരൂര്‍ രംഗത്തെത്തിയത്.

തന്റെ ഹിന്ദി മനസിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ വെബിനാര്‍ വിട്ടുപുറത്തുപോകാന്‍ ഒരു ഗവണ്‍മെന്റ് സെക്രട്ടറി തമിഴരോട് പറയുന്നത് അസാധാരണമായ പ്രവൃത്തിയാണെന്നാണ് തരൂര്‍ പറഞ്ഞത്.

കേന്ദ്ര സര്‍ക്കാരിന് എന്തെങ്കിലും മാന്യത ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അദ്ദേഹത്തെ മാറ്റി ഒരു തമിഴ് സിവില്‍ സര്‍വ്വന്റിനെ കൊണ്ടുവരണമെന്ന് പറഞ്ഞ തരൂര്‍ കഠിനാധ്വാനം കൊണ്ട് ഇന്ത്യയുടെ ഐക്യം നശിപ്പിക്കാന്‍
ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന തുക്‌ഡെ-തുക്‌ഡെ ഗ്യാങ് തീരുമാനിച്ചിട്ടുണ്ടോ?
എന്നും ചോദിച്ചു.

ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എം.കെ നേതാവും ലോക്സഭ മെമ്പറുമായ കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു.

മന്ത്രാലയത്തിന്റെ പരിശീലന വേളയില്‍ ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരോട് പുറത്തു പോവാന്‍ ആവശ്യപ്പെട്ട കേന്ദ്ര ആയുഷ് വൈദ്യ മന്ത്രാലയ സെക്രട്ടറി യുടെ പ്രസ്താവന ഹിന്ദി ആധിപത്യം അടിച്ചേല്‍പ്പിക്കുന്നതിന്റെ വ്യാപ്തി എത്രയെന്ന് ചൂണ്ടിക്കാട്ടുന്നുവെന്ന പറഞ്ഞ കനിമൊഴി വൈദ്യ രാജേഷ് കൊട്ടെച്ചയെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.

‘ സര്‍ക്കാര്‍ ഈ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്യണം. ഒപ്പം അച്ചടക്ക നടപടികള്‍ സ്വീകരിക്കുകയും വേണം. ഹിന്ദി ഇതര ഭാഷ സംസാരിക്കുന്നവരെ ഒഴിവാക്കി നിര്‍ത്തുന്ന ഈ സമീപനം എത്ര നാള്‍ സഹിക്കണം?’ കനിമൊഴി ട്വീറ്റ് ചെയ്തു.

കനിമൊഴിക്കൊപ്പം കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരവും സംഭവത്തെ അപലപിച്ചു.

‘ ഇംഗ്ലീഷ് ഭാഷ അറിയാത്തത് മനസ്സിലാക്കാന്‍ പറ്റും. പക്ഷേ, ഹിന്ദി അറിയാത്തവര്‍ പുറത്തു പോവണമെന്നും ഹിന്ദി സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഈ ധാര്‍ഷ്ട്യത്തെ അംഗീകരിക്കാനാവില്ല,’ എന്നായിരുന്നു കാര്‍ത്തി ചിദംബരത്തിന്റെ പ്രതികരണം.

ആഗസ്ത് 18 മുതല്‍ 20 വരെയായിരുന്നു ത്രിദിന സെമിനാര്‍. 350 ഡോക്ടര്‍മാര്‍ പങ്കെടുത്ത വെബിനാറില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരായിരുന്നു. വെബ്ബിനാറിലെ മിക്കമാറും സെഷനുകള്‍ ഹിന്ദിയിലായിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് തമിഴ്‌നാട് സ്വദേശികളായ ഡോക്ടര്‍മാര്‍ പറയുന്നു.

മൂന്നാമത്തെ ദിവസമായിരുന്നു ആയുഷ് സെക്രട്ടറിയുടെ പ്രഭാഷണം. അദ്ദേഹവും ഹിന്ദിയിലാണ് സംസാരിച്ചത്. തുടര്‍ന്ന് ഹിന്ദി മനസ്സിലാകുന്നില്ല, ഇംഗ്ലീഷില്‍ സംസാരിക്കാമോ എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു.

എന്നാല്‍ താന്‍ ഹിന്ദിയിലേ സംസാരിക്കൂ എന്നും താത്പര്യമില്ലാത്തവര്‍ക്ക് വെബ്ബിനാറില്‍ നിന്ന് പുറത്തുപോകാമെന്നും ആയുഷ് സെക്രട്ടറി പറഞ്ഞു. പിന്നീട് തനിക്ക് ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും ആയുഷ് സെക്രട്ടറി പറഞ്ഞതായി ഡോക്ടര്‍മാര്‍ പറയുന്നു.

ഹിന്ദി അറിയില്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വിമാനത്താവളത്തില്‍വെച്ച് തനിക്കെതിരെയുണ്ടായ ദുരനുഭവം ഡി.എം.കെ എം.പി കനിമൊഴി നേരത്തെ രംഗത്തെത്തിയിരുന്നു.തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്ന മറുചോദ്യമാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ ഉന്നയിച്ചതെന്ന് കനിമൊഴി വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Tukde Tukde Gang In Power, Shashi Tharoor On Row Over Hindi

We use cookies to give you the best possible experience. Learn more