ന്യൂദല്‍ഹി: മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബി.ജെ.പി എം.പി തേജസ്വി സൂര്യയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍.
തന്റെ യുവ സഹപ്രവര്‍ത്തകനായ തേജസ്വി സൂര്യ സമര്‍ത്ഥനും കഴിവുള്ളവനും ആണെന്നും പക്ഷേ ഇത്തരത്തില്‍ ഉള്ള പെരുമാറ്റം ഒഴിവാക്കണമെന്നാണ് തേജസ്വിയോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ കൊവിഡ് വാര്‍ റൂം സന്ദര്‍ശിച്ച തേജസ്വി 17 മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയിരുന്നു.
ബി.ജെ.പി എം.എല്‍.എമാരായ സതീഷ് റെഡ്ഡി, രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചര്‍ എന്നിവര്‍ക്കൊപ്പമാണ് തേജസ്വി സൂര്യ കൊവിഡ് വാര്‍ റൂമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നത്. സന്ദര്‍ശനം നടത്തിയ സമയത്ത് മുസ്ലിം ജീവനക്കാര്‍ക്ക് നേരെ തേജസ്വി നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങളുടെ വീഡിയോ പുറത്തുവന്നിരുന്നു.
എന്തടിസ്ഥാനത്തിലാണ് മുസ്ലിം ജീവനക്കാരെ ജോലിക്കെടുത്തതെന്ന് തേജസ്വി വീഡിയോയില്‍ ചോദിക്കുന്നുണ്ട്.
‘ഏത് ഏജന്‍സിയാണ് ഇവരെയൊക്കെ പണിക്കെടുത്തത്? ഇപ്പോള്‍ തന്നെ അവരെ വിളിക്കണം. എനിക്ക് അവരോട് ചോദിക്കണം’, എന്ന് തേജസ്വി സൂര്യ പറയുന്നുണ്ട്. ‘ജിഹാദികള്‍ക്ക്’ ജോലി നല്‍കാന്‍ ഇത് ഹജ്ജ് കമ്മിറ്റിയോ, മദ്രസാ കമ്മിറ്റിയോ അല്ലെന്നും ഇയാള്‍ പറയുന്നുണ്ട്.
കൊവിഡ് വാര്‍ റൂമിലെ ‘തീവ്രവാദികള്‍’ എന്നു പറഞ്ഞ് ജീവനക്കാരുടെ പേരുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നുണ്ട്.
കൊവിഡ് വാര്‍ റൂമില്‍ മൊത്തം 205 പേരാണ് ജോലി ചെയ്യുന്നത്. ഇതില്‍ 17 പേരാണ് മുസ്ലിങ്ങള്‍ ഉള്ളത്. എന്നാല്‍ ഇവര്‍ക്കെതിരെ തേജസ്വി സൂര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. കൊവിഡ് വാര്‍ റൂമില്‍ ഗുരുതര ക്രമക്കേട് നടക്കുന്നുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഇതുവരെ ഹാജരാക്കാന്‍ തേജസ്വിക്കായിട്ടില്ല.
സംഭവം വിവാദമായതിന് പിന്നാലെ മാപ്പ് പറഞ്ഞ് തേജസ്വി രംഗത്തെത്തിയിരുന്നു.
ജീവനക്കാരോട് ആരോടും വ്യക്തിപരമായ വിദ്വേഷമില്ലെന്നും നേരത്തെ താന്‍ നടത്തിയ പ്രസ്താവന ഏതെങ്കിലും വ്യക്തികളെയോ സമുദായത്തെയോ വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നുവെന്നുമാണ് തേജസ്വി പറഞ്ഞ്.
കിടക്കകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വന്ന അഴിമതി ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മാത്രമാണ് താന്‍ വന്നതെന്നും തേജസ്വി പറഞ്ഞിരുന്നു.
അതേസമയം, കൊവിഡ് വാര്‍ റൂമിലെ അഴിമതിയില്‍ തേജസ്വി സൂര്യയ്ക്കും ബി.ജെ.പി എം.എല്‍.എ സതീഷ് റെഡ്ഡിക്കും പങ്കുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക