ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും വിജയിച്ച് ഇന്ത്യ ടെസ്റ്റ് പരമ്പര ക്ലീന്‍ സ്വീപ് ചെയ്തിരിക്കുകയാണ്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരവും ജയിച്ചാണ് ഇന്ത്യ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയതിന്റെ സങ്കടം തീര്‍ത്തത്.
ഒരുവേള പരാജയം മുന്നില്‍ക്കണ്ടാണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചുകയറിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ 145 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ ശ്രേയസ് അയ്യരും അശ്വിനും ചേര്‍ന്നാണ് രക്ഷിച്ചത്.
ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെല്ലാം തന്നെ നിലംപൊത്തിയപ്പോള്‍ ഇരുവരും ചേര്‍ന്നാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തോളിലേറ്റിയത്. അശ്വിന്‍ 42 റണ്‍സും ശ്രേയസ് അയ്യര്‍ 29 റണ്‍സും നേടി പുറത്താകാതെ നിന്നു.
കഴിഞ്ഞ ടെസ്റ്റില്‍ ഇന്ത്യയുടെ നെടുംതൂണുകളായ ഗില്ലും പൂജാരയും വളരെ പെട്ടെന്ന് തന്നെ കൂടാരം കയറിയിരുന്നു. ഗില്‍ 35 പന്തില്‍ നിന്നും ഏഴ് റണ്‍സും പൂജാര 12 പന്തില്‍ നിന്നും ആറ് റണ്‍സുമാണ് നേടിയത്.
ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ വീണ്ടും പരാജയമായി. ഏഴ് പന്തില്‍ നിന്നും രണ്ട് റണ്‍സാണ് രാഹുല്‍ നേടിയത്. വിരാട് കോഹ്‌ലി ഒറ്റ റണ്‍സും റിഷബ് പന്ത് ഒമ്പത് റണ്‍സും ഉനദ്കട് 13 റണ്‍സും നേടി പുറത്തായി.
അക്‌സര്‍ പട്ടേല്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്ത് നിന്നത്. 69 പന്തില്‍ നിന്നും 34 റണ്‍സാണ് പട്ടേല്‍ നേടിയത്.
രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ അശ്വിന്‍ തന്നെയായിരുന്നു കളിയിലെ താരം.
For his crucial match-winning 42* in the second innings and valuable all-round effort in the second #BANvIND Test, @ashwinravi99 is named the Player of the Match as India win by 3 wickets 👏👏
എന്നാല്‍ രണ്ടാം മത്സരത്തിലെ മികച്ച പ്രകടനം നടത്തുകയും കളിയിലെ താരമാവുകയും ചെയ്ത അശ്വിന്‍ അടുത്ത മത്സരത്തില്‍ ടീമിനൊപ്പമുണ്ടാകുമോ എന്നറിയില്ല എന്ന് പറയുകയാണ് കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍.
ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ കുല്‍ദീപ് യാദവിനെ രണ്ടാം ടെസ്റ്റില്‍ പുറത്തിരുത്തിയതിന്റെ പശ്ചാതലത്തില്‍ കൂടിയായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.
‘എന്തൊരു ആവേശകരമായ മത്സരമായിരുന്നു അത്, പരിക്കിനിടയില്‍ വലയുമ്പോഴും വിജയം സ്വന്തമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. അശ്വിന്‍ മികച്ച പ്രകടനമായിരുന്നു നടത്തിയത്. എന്റെ ആകെ ആശങ്ക അശ്വിന്‍ അടുത്ത മത്സരത്തില്‍ കളിക്കുമോ എന്നത് മാത്രമാണ്,’ എന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
What a nail-biter of a Test match india just managed to win! Despite a long injury list & selectoral caprice, @ashwinravi99 did so brilliantly that my only worry is that he might now be left out of the next match…!#INDvBAN
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തങ്ങളുടെ സാധ്യതകള്‍ സജീവമാക്കാനും ഇന്ത്യക്ക് സാധിച്ചു. ഇനിയുള്ള നാല് ടെസ്റ്റില്‍ മൂന്നെണ്ണം വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ കളിക്കാം.