| Monday, 3rd April 2023, 10:20 am

'കോണ്‍ഗ്രസിന്റെ തലപ്പത്ത് ഞാനായിരുന്നെങ്കില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല ചെറു പാര്‍ട്ടികള്‍ക്ക് നല്‍കിയേനേ':ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യത്തിന്റെ ചുമതല ഏതെങ്കിലും ചെറു പാര്‍ട്ടികളെ ഏല്‍പിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഉണ്ടായി വരുന്ന ഐക്യത്തെക്കുറിച്ച് പി.ടി.ഐയോട് സംസാരിക്കവെയായിരുന്നു തരൂര്‍ ഇക്കാര്യം പറഞ്ഞത്.

രാഹുലിനെതിരായി ഉണ്ടായി വന്നതു പോലെയുള്ള ആക്രമണങ്ങള്‍ തങ്ങള്‍ക്കെതിരെയും ഉണ്ടാകുമെന്ന് പ്രതിപക്ഷ കക്ഷികള്‍ മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒരുമിക്കാനും വോട്ടുകള്‍ പരസ്പരം ഭിന്നിച്ചു പോകാതിരിക്കാനുമായി ഒരു കാരണം ഉണ്ടായി വന്നിട്ടുണ്ടെന്നും ഈ പ്രതിപക്ഷ ഐക്യം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നിച്ചാല്‍ നിലനില്‍പുണ്ടെന്നും ഭിന്നിച്ചു നിന്നാല്‍ തകര്‍ന്നു പോകുമെന്നുമുള്ള യാഥാര്‍ഥ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ മനസിലാക്കുന്നുവെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷ ഐക്യത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘അന്തര്‍ദേശീയ തലത്തില്‍ രാജ്യത്തിനുണ്ടാകുന്ന നെഗറ്റീവ് ഇമേജുകളൊന്നും നരേന്ദ്ര മോദിയെയോ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിനെയോ അലോസരപ്പെടുത്തുന്നില്ല. ഈ ഗവണ്‍മെന്റിന്റെ ജനാധിപത്യത്തോടുള്ള പ്രതിബദ്ധത വര്‍ഷങ്ങളായി സംശയത്തിന്റെ നിഴലിലാണ്, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ പോലും അത് വാര്‍ത്തയാവുകയാണ്,’ തരൂര്‍ പറഞ്ഞു.

ജനങ്ങള്‍ തങ്ങളുടെ വോട്ടവകാശം ജനാധിപത്യത്തിനായി കൃത്യമായി ഉപയോഗപ്പെടുത്തുമെന്നും അവരെ ആരാണ് ഭരിക്കേണ്ടത് എന്നതില്‍ ശരിയായ ഒരു തീരുമാനമെടുക്കുമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2019 തെരഞ്ഞെടുപ്പില്‍ 37 ശതമാനം വോട്ട് മാത്രം നേടിയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും ബാക്കിയുള്ള വോട്ട് മുഴുവനും മറ്റ് പാര്‍ട്ടികള്‍ക്കാണ് പോയതെന്നും തരൂര്‍ പറഞ്ഞു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യത്തിലൂടെ മെച്ചമുണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlights: shashi tharoor about opposition leadership

We use cookies to give you the best possible experience. Learn more