| Thursday, 8th December 2022, 2:04 pm

ഞാന്‍ അവിടെ ഇലക്ഷന്‍ പ്രചരണത്തിന് ഉണ്ടായിരുന്നില്ലല്ലോ; കോണ്‍ഗ്രസിന്റെ തോല്‍വിയെ കുറിച്ചുള്ള ചോദ്യത്തോട് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് വലിയ പരാജയം ഏറ്റുവാങ്ങുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ശശി തരൂര്‍ എം.പി. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ ക്ഷണിക്കപ്പെടാത്ത ആളെന്ന നിലയില്‍ തനിക്ക് വ്യക്തമായി ഒന്നും പറയാനാകില്ലെന്നായിരുന്നു ശശി തരൂരിന്റെ മറുപടി.

ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ നിശ്ചയിച്ചവരുടെ ആദ്യ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ അദ്ദേഹം ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

‘ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാമ്പെയ്ന്‍ നടത്തിയിട്ടില്ല. അവിടെ പ്രചരണ പരിപാടികള്‍ക്ക് പോകണമെന്ന് നിശ്ചയിച്ചിരുന്നവരുടെ കൂട്ടത്തിലും ഞാനുണ്ടായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടുത്തെ കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,’ ശശി തരൂര്‍ പറഞ്ഞു.

അതേസമയം ഹിമാചല്‍ പ്രദേശിലെയും ഗുജറാത്തിലെയും ഭരണവിരുദ്ധ വികാരത്തെ കുറിച്ചും ആം ആദ്മി പാര്‍ട്ടിയെ കുറിച്ചും ശശി തരൂര്‍ സംസാരിച്ചു.

‘ഹിമാചലില്‍ ഭരണവിരുദ്ധ വികാരം ഞങ്ങള്‍ക്ക് ഗുണകരമായപ്പോള്‍ ബി.ജെ.പിക്ക് തിരിച്ചടിയായി. പക്ഷെ ഗുജറാത്തില്‍ അത് സംഭവിച്ചില്ല. ആം ആദ്മിയുടെ കടന്നുവരവും വോട്ടുകള്‍ വിഭജിച്ചു പോകുന്നതിനിടയാക്കി,’ ശശി തരൂര്‍ പറഞ്ഞു.

അതേസമയം, ഗുജറാത്തില്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കേ 154 സീറ്റുകളില്‍ ലീഡുമായി ബി.ജെ.പി മുന്നിട്ടു നില്‍ക്കുകയാണ്. ഗുജറാത്തില്‍ ഏഴാം തവണയും ബി.ജെ.പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. 2002ല്‍ 127 സീറ്റുകളില്‍ വിജയിച്ച സ്വന്തം റെക്കോഡ് തന്നെയാകും ബി.ജെ.പി ഇതിലൂടെ തിരുത്തുക. 2017ല്‍ 99 സീറ്റായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചിരുന്നത്.

അതേസമയം 2017ല്‍ 77 സീറ്റുകള്‍ നേടിയിരുന്ന കോണ്‍ഗ്രസിന്റെ നിലവിലെ ലീഡ് 17 സീറ്റുകളിലേക്കായി ചുരുങ്ങിയിരിക്കുകയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും കോണ്‍ഗ്രസിന് ഇനി വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

1985ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 149 മണ്ഡലങ്ങളില്‍ വിജയിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 17 മണ്ഡലങ്ങളിലേക്ക് ലീഡ് ചുരുങ്ങിയിരിക്കുന്നത്. അന്ന് ബി.ജെ.പിക്ക് 14 സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന വടക്കന്‍ ഗുജറാത്തില്‍ പോലും ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹാര്‍ദിക് പട്ടേലടക്കമുള്ളവര്‍ ബി.ജെ.പിയിലേക്ക് പോയതും ആം ആദ്മി പാര്‍ട്ടിയുടെ കടന്നുവരവും കോണ്‍ഗ്രസിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, അഞ്ച് സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുന്നത്. ഇതുവരെ 12.9 ശതമാനം വോട്ട് ഷെയറാണ് ആം ആദ്മി നേടിയത്.

ഗുജറാത്തില്‍ നിന്നും വ്യത്യസ്തമായി ഹിമാചല്‍ പ്രദേശില്‍ ലീഡ് നിലയില്‍ തന്നെ കേവല ഭൂരിപക്ഷം ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ബി.ജെ.പി ഹിമാചലില്‍ ഭരണം പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്.

സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകളിലേക്ക് ബി.ജെ.പി കടന്നു. നിലവില്‍ ലീഡ് ചെയ്യുന്ന മൂന്ന് ബി.ജെ.പി വിമതരെയും ഒരു കോണ്‍ഗ്രസ് വിമതനെയും കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനാണ് ബി.ജെ.പി നീക്കം. മുന്നിട്ട് നില്‍ക്കുന്ന വിമത നേതാക്കളുമായി ബി.ജെ.പി ചര്‍ച്ചകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ബി.ജെ.പി വിമതരായ ഹിതേശ്വര്‍ സിങ് ബംജാര്‍ മണ്ഡലത്തിലും കെ.എല്‍. താക്കൂര്‍ നലഗഡ് മണ്ഡലത്തിലും ഹോഷിയാര്‍ സിങ് ദെഹരയിലുമാണ് ലീഡ് ചെയ്യുന്നത്.

മുഖ്യമന്ത്രി ജയ്റാം താക്കൂറിന്റെ വസതിയില്‍ ബി.ജെ.പി നേതാക്കള്‍ യോഗം ചേര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. വിനോദ് താവ്ഡെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെയെത്തിയിട്ടുണ്ട്.

Congress Highlight: Shashi Tharoor about Congress’s defeat in Gujarat Elections 2022

We use cookies to give you the best possible experience. Learn more