ഹൈദരാബാദ്: കോണ്‍ഗ്രസ് എം.പി. ശശി തരൂരിനെ വിമര്‍ശിച്ച് തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി.
ശശി തരൂരിന്റെ ഹൈദരാബാദ് സന്ദര്‍ശനത്തിന് പിന്നാലെയാണ് വിമര്‍ശനവുമായി രേവന്ത് റെഡ്ഡി രംഗത്തെത്തിയത്.
തരൂരിന്റെ സന്ദര്‍ശനത്തെ കുറിച്ച് റെഡ്ഡിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നില്ല. തരൂരിനെ ‘കഴുത’ എന്ന് വിളിക്കുകയും പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുമെന്നാണ് കരുതുന്നതെന്നുമാണ് രേവന്ത് റെഡ്ഡി പറഞ്ഞത്.
ഐ.ടി മന്ത്രി കെ.ടി രാമറാവുവിനെ ശശി തരൂര്‍ പ്രശംസിച്ച് സംസാരിച്ചതാണ് രേവന്തിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.
തരൂരിനും രാമറാവുവിനും ഇംഗ്ലീഷില്‍ പ്രാവീണ്യം ഉണ്ട് എന്നതുകൊണ്ട് അവര്‍ രണ്ടുപേരും അറിവുള്ള ആളാണെന്ന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂരിനെ കഴുത എന്ന് വിളിച്ച റെഡ്ഡി, തരൂര്‍ ഒരു ബാധ്യതയാണെന്ന് തെളിയിക്കുന്നതിനാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞു.
” ഐ.ടി മന്ത്രിയെ പ്രശംസിച്ചയാള്‍ ഇവിടുത്തെ അവസ്ഥയെക്കുറിച്ചും അറിയണം. ആ കഴുതയെ ടാഗ് ചെയ്യേണ്ടതായിരുന്നു (ട്വീറ്റില്‍). രണ്ടാളും പരസ്പരം ഇംഗ്ലീഷില്‍ സംസാരിക്കുന്നത് ഇവിടെ ഒരു മാറ്റവും കൊണ്ടുവരില്ല,” അദ്ദേഹം പറഞ്ഞു.