ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370, അയോധ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനത്തില്‍ വിശദീകരണവുമായി ശശി തരൂര്‍. ഈ വിഷയങ്ങളില്‍ ബി.ജെ.പിയുടെ നിലപാടിനെ താന്‍ അംഗീകരിച്ചുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നാണ് തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചത്.
‘അയോധ്യ, ആര്‍ട്ടിക്കിള്‍ 370, ഏകീകൃത സിവില്‍ കോഡ് എന്നീ വിഷയങ്ങളില്‍ ഞാന്‍ ബി.ജെ.പിയുടെ കാഴ്ചപ്പാടിനെ അംഗീകരിച്ചുവെന്ന തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വളച്ചൊടിച്ച റിപ്പോര്‍ട്ടുകള്‍കണ്ട് ഞെട്ടിപ്പോയി. ഈ വിഷയങ്ങളിലുള്ള എന്റെ നിലപാടുകളില്‍ ഒരുമാറ്റവുമില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ എന്താണ് പറഞ്ഞതെന്ന് വായിച്ചു നോക്കാന്‍ ജനങ്ങളോട് ഞാന്‍ ആവശ്യപ്പെടുന്നു. മറ്റുള്ളവരെ വളച്ചൊടിക്കലിന് ഞാന്‍ ഉത്തരവാദിയല്ല.’ എന്നാണ് തരൂര്‍ പറഞ്ഞത്.
വിശ്വാസം കണക്കിലെടുത്ത് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നാണ് തരൂര്‍ പറഞ്ഞത്. മറ്റു മതസ്ഥരുടെ ആരാധനയ്ക്ക് മുടക്കം വരാത്ത വിധത്തിലായിരിക്കണം രാമക്ഷേത്രം നിര്‍മിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘ദശലക്ഷക്കണക്കിന് ആളുകളുടെ വിശ്വാസങ്ങളെ മാനിക്കേണ്ടതുണ്ടെന്ന് ഞാന്‍ എല്ലായിപ്പോഴും കരുതിയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സംഭവസ്ഥലത്ത് ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് രാമക്ഷേത്രം ആണെന്നുമാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ആഴമേറിയ വിശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്. മറ്റൊരു സമുദായത്തിന്റെ ആരാധനാലയം നശിപ്പിക്കാതെ അവിടൊരു ക്ഷേത്രം ആവശ്യമാണ്.
പരസ്പര സ്വീകാര്യമായ ഇത്തരമൊരു പരിഹാരത്തില്‍ എങ്ങനെ എത്തിച്ചേരാം എന്ന ചോദ്യം നിര്‍ഭാഗ്യവശാല്‍ അക്രമത്തിലെത്തുകയും പള്ളി തകര്‍ക്കപ്പെടുന്നതിലെത്തുകയും ചെയ്തു. അത് ഇന്ത്യയുടെ മനസാക്ഷിയെ കളങ്കപ്പെടുത്തുന്നതായിരുന്നു. ഇപ്പോള്‍ കാര്യം കോടതിയുടെ മുമ്പിലാണ്.’ എന്നും തരൂര്‍ പറഞ്ഞിരുന്നു..
‘ആര്‍ട്ടിക്കിള്‍ 370 എല്ലാകാലത്തും അതേപടി നിലനിര്‍ത്തുന്നതിനായി വാദിക്കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. എല്ലാ കാലത്തും നിലനിര്‍ത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നില്ല കശ്മീരിന്റെ പ്രത്യേക പദവി എന്നാണ് എന്റെ നിലപാട്. 370 എത്ര കാലം നിലനിര്‍ത്തേണ്ടത് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാല്‍ മതി എന്നായിരുന്നു നെഹ്‌റുവിന്റെയും കാഴ്ചപ്പാടെന്നും’- തരൂര്‍ പറഞ്ഞിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗില്‍ജിത് ബാള്‍ട്ടിസ്താനിലും പാക് അധീന കശ്മീരിലും മറ്റുമുള്ള പാകിസ്താന്റെ ചെയ്തികളോട് നമുക്ക് പ്രതിഷേധമുണ്ട്. എന്നാല്‍ അതേതരത്തിലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ജമ്മു കശ്മീരില്‍ ഇന്ത്യ ചെയ്തിരിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.