| Sunday, 30th April 2023, 10:50 pm

'ഇത് നിങ്ങളുടെ കേരള സ്‌റ്റോറിയായിരിക്കാം, ഞങ്ങളുടേതല്ല'; ചിത്രത്തിനെതിരെ ശശി തരൂര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത വിവാദ ചിത്രം ദി കേരള സ്‌റ്റോറിക്കെതിരെ ശശി തരൂര്‍ എം.പി. കേരളത്തിലടക്കം ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. ഇത് നിങ്ങളുടെ കേരള സ്‌റ്റോറിയായിരിക്കാം പക്ഷെ ഒരിക്കലും ഞങ്ങളുടെ കേരള സ്റ്റോറിയല്ലെന്നാണ് തരൂര്‍ കുറിച്ചത്.

‘ഇത് നിങ്ങളുടെ കേരള സ്റ്റോറിയായിരിക്കാം, ഞങ്ങളുടേ കേരള സ്റ്റോറിയല്ല,’ തരൂര്‍ ട്വീറ്റ് ചെയ്തു.

ഇസ്‌ലാമോഫോബിക് ഉള്ളടക്കങ്ങളും കേരളത്തെക്കുറിച്ചുള്ള വ്യാജ പ്രചരണങ്ങളും കൊണ്ട് റിലീസിന് മുന്നെ വിവാദത്തിലായ ചിത്രത്തെ വിമര്‍ശിച്ച് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനും വിവാദങ്ങളില്‍ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

സിനിമ വര്‍ഗീയ ധ്രുവീകരണത്തിന് ലക്ഷ്യമിട്ടും കേരളത്തിനെതിരെയുള്ള വിദ്വേഷ പ്രചരണം നടത്തുന്നതിനുമായി നിര്‍മിച്ചതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഘപരിവാര്‍ പ്രൊപ്പഗണ്ടകളെ ഏറ്റുപിടിക്കുന്ന ചിത്രം കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങളില്‍ ഭീതി പടര്‍ത്തി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഗൂഢ തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിഷയത്തില്‍ സമാനമായ പ്രതികരണമാണ് കോണ്‍ഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികളും നടത്തിയത്. കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ട്ത്.

ഇതിന് പിന്നാലെയാണ് സിനിമയിലെ ലവ് ജിഹാദ് ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കുന്നവര്‍ക്ക് ഒരു കോടി രൂപ സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ച് യൂത്ത് ലീഗ് രംഗത്ത് വന്നത്. 32,000 പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിന് തെളിവ് സമര്‍പ്പിക്കുന്നവര്‍ക്കാണ് പ്രതിഫലം പ്രഖ്യാപിച്ച് സംഘടന രംഗത്തെത്തിയത്. തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം വിലക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Shashi taroor mp on the kerala story

We use cookies to give you the best possible experience. Learn more