മെയ് 26ന് നടന്ന ഐ.പി.എല്‍ ഫൈനലില്‍ വിജയിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ എട്ട് വിക്കറ്റിന് ഹൈദരാബാദിനെ തകര്‍ത്താണ് ശ്രേയസ് അയ്യരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയത്.
ടൂര്‍ണമെന്റില്‍ പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച താരമായിരുന്നു ശശാങ്ക് സിങ്. താരലേലത്തില്‍ ആള് മാറി വിളച്ചു എന്ന പേര് തിരുത്തിക്കുറിച്ച് പഞ്ചാബിന് വേണ്ടി നിര്‍ണായക മത്സരങ്ങള്‍ ശശാങ്ക് വിജയിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ ഒരു യൂട്യൂബ് ഇന്റര്‍വ്യൂയില്‍ താരം തന്റെ ഐ.പി.എല്‍ ഓര്‍മകള്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ 2024 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സുമായി ഏറ്റുമുട്ടിയപ്പോള്‍ വിരാട് കോഹ്‌ലിയുമായുള്ള തന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. ഒരു മത്സരത്തില്‍ സിംഗിളിന് ശ്രമിക്കുന്നതിനിടെ ശശാങ്ക് കളിച്ച പന്ത് നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ പെട്ടെന്ന് എറിയുകയും ശാശാങ്കിനെ റണ്‍ ഔട്ട് ആക്കുകയുമായിരുന്നു.
‘ഈ ഐ.പി.എല്ലില്‍ വിരാട് കോഹ്‌ലി എന്നെ റണ്‍-ഔട്ടിലൂടെ പുറത്താക്കിയിരുന്നു, അത് ഞാന്‍ അംഗീകരിക്കുന്നു. കാരണം വിരാട് വളരെ ക്യുക്ക് ആയിരുന്നു. ഞാന്‍ സ്ലോയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ അതില്‍ തര്‍ക്കിക്കില്ല. എനിക്ക് തീര്‍ച്ചയായും എന്റെ ഫിറ്റ്‌നസില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്, എന്നാല്‍ വിരാട് കോഹ്‌ലി ആകാര്യത്തില്‍ വെറെ ലെവല്‍ ആണ്,’ ശശാങ്ക് സിങ് ഇന്‍സൈഡ് സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഐ.പി.എല്ലിന് ശേഷം 2024 ടി-20 ലോകകപ്പില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ രണ്ടാം ടി-20 കിരീടം സ്വന്തമാക്കുന്നത്. 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാട് തന്നെയായിരുന്നു കളിയിലെ താരം.
ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.
Content Highlight: Shashank Singh Talking About Virat Kohli