|

13 വര്‍ഷമായി അറിയാം, പക്ഷെ തിരിച്ചുവരാന്‍ അടിസ്ഥാന കാര്യങ്ങള്‍ ചെയ്‌തേ മതിയാകൂ; സൂപ്പര്‍ താരത്തിന് സന്ദേശവുമായി ശശാങ്ക് സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് പഞ്ചാബ് കിങ്‌സ് നില നിര്‍ത്തിയ രണ്ട് താരങ്ങളാണ് അര്‍ഷ്ദീപ് സിങ്ങും ശശാങ്ക് സിങ്ങും. ഇപ്പോള്‍ ഇന്ത്യന്‍ താരം പൃഥ്വി ഷായെക്കുറിച്ച് സംസാരിക്കുകയാണ് ശശാങ്ക്. ഐ.പി.എല്ലിന്റെ പുതിയ പതിപ്പിലേക്കുള്ള മെഗാ താരലേലത്തില്‍ പൃഥ്വി ഷായെ ഒരു ടീമും വാങ്ങിയില്ലാിരുന്നു. അച്ചടക്ക ലംഘനങ്ങളും മോശം ഫിറ്റ്‌നസും താരത്തിന് തിരിച്ചടിയായിരുന്നു.

എന്നാല്‍ അടിസ്ഥാനകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പരിശീലനം നടത്തിയാല്‍ പൃഥ്വിക്ക് മികച്ച ഫോം നേടി തിരിച്ചുവരാന്‍ സാധിക്കുമെന്നാണ് ശശാങ്ക് പറഞ്ഞത്. ശുഭ്ശങ്കര്‍ മിശ്രയുമായുള്ള ഒരു കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു ശശാങ്ക്.

‘യശസ്വിയും ഗില്ലുമൊക്കെ മികച്ച താരങ്ങളാണ്, പൃഥ്വി ഷായും കഴിവുള്ള താരമാണ്, പക്ഷേ അദ്ദേഹം അടിസ്ഥാനകാര്യങ്ങള്‍ ശരിയായി ചെയ്യേണ്ടിവരും. അദ്ദേഹത്തിന് എന്തും നേടാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. 13 വര്‍ഷമായി എനിക്ക് അദ്ദേഹത്തെ അറിയാം, മുംബൈയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം കളിച്ചിട്ടുണ്ട്. ബോംബെയില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം ക്ലബ് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അദ്ദേഹം കാര്യങ്ങളെ വ്യത്യസ്തമായ രീതിയിലാണ് കാണുന്നത്.

അദ്ദേഹം അത് മാറ്റുകയും തന്റെ ധാര്‍മികത, ഫിറ്റ്‌നസ്, അച്ചടക്കം എന്നിവയില്‍ പ്രവര്‍ത്തിക്കുകയും വേണം. ഒരുപക്ഷേ മാറ്റത്തിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരിക്കാം. ആ വശങ്ങള്‍ പരിഷ്‌കരിക്കാന്‍ കഴിയുമെങ്കില്‍, അദ്ദേഹത്തിന് കൂടുതല്‍ മികച്ചവനാകാന്‍ കഴിയും,’ ശശാങ്ക് സിങ് പറഞ്ഞു.

ഐ.പി.എല്ലില്‍ പൃഥ്വി 79 മത്സരങ്ങളില്‍ നിന്ന് 1829 റണ്‍സാണ് നിലവില്‍ നേടിയത്. 99 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 14 അര്‍ധ സെഞ്ച്വറിയും ഷാ നേടിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ മുംബൈ ഇന്ത്യന്‍സിനോടൊപ്പമായിരുന്നു ഷായുടെ തുടക്കം.

പിന്നീട് 2018ല്‍ ദല്‍ഹി ക്യാപിറ്റല്‍സില്‍ ചേര്‍ന്ന് 2024 വരെ ടീമില്‍ തുടരാന്‍ താരത്തിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് വെറും 198 റണ്‍സ് മാത്രമാണ് ഷാ നേടിയത്. 66 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും സീസണില്‍ താരത്തിനുണ്ടായിരുന്നു.

Content Highlight: Shashank Singh Talking About Prithvi Shaw