2025 ഐ.പി.എല്ലിനോട് അനുബന്ധിച്ച് പഞ്ചാബ് കിങ്സ് നിലനിര്‍ത്തിയ രണ്ട് താരങ്ങളാണ് അര്‍ഷ്ദീപ് സിങ്ങും ശശാങ്ക് സിങ്ങും. എല്ലാ സീസണിലും വലിയ മാറ്റങ്ങള്‍ വരുത്തുന്ന ടീം കൂടിയാണ് പഞ്ചാബ്. എന്നാല്‍ കിരീടത്തിലേക്ക് എത്താന്‍ ടീമിന് ഇനിയും കഴിഞ്ഞിട്ടില്ല.
ടീം നിലനിര്‍ത്തിയ താരങ്ങളില്‍ എടുത്ത് പറയേണ്ടത് ശശാങ്ക് സിങ്ങിനേയാണ്. കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായി ടീമിനൊപ്പം ചേര്‍ന്ന് വമ്പന്‍ പ്രകടനമാണ് ശശാങ്ക് കാഴ്ചവെച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 354 റണ്‍സാണ് ശശാങ്ക് നേടിയത്.
മാത്രമല്ല ഹൈദരാബാദിനെതിരായ മത്സരത്തില്‍ 27 പന്തില്‍ 66 റണ്‍സ് നേടിയ അഭിഷേക് ശര്‍മയുടെ വിക്കറ്റ് നേടി ബൗളിങ്ങിലും താരം മികവ് തെളിയിച്ചു. സീസണില്‍ ആകെ ഒരു ഓവര്‍ മാത്രമാണ് താരം ചെയ്തത്. 2025 ഐ.പി.എല്‍ സീസണിന് മുന്നോടിയായി പഞ്ചാബിന്റെ സൂപ്പര്‍ ബാറ്റര്‍ ശശാങ്ക് സിങ് ബൗള്‍ ചെയ്യാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.
ബൗളിങ്ങില്‍ താന്‍ കഠിനാധ്വാനം ചെയ്യുന്നുണ്ടെന്നും തന്റെ ഓവറുകള്‍ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും താരം പറഞ്ഞു. മികച്ച ബൗളര്‍മാരായ പാറ്റ് കമ്മിന്‍സോ മിച്ചല്‍ സ്റ്റാര്‍ക്കോ അല്ല താനെന്നും എന്നാല്‍ നാല് ഓവറും കൃത്യമായി എറിഞ്ഞാല്‍ മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും താരം പറഞ്ഞു. അടുത്ത സീസണിന് ശേഷം താനുമായി നടത്തുന്ന അഭിമുഖത്തില്‍ തന്റെ ബൗളിങ്ങിനെക്കുറിച്ച് സംസാരിക്കേണ്ടി വരുമെന്നും ശശാങ്ക് പറഞ്ഞു.
‘ഞാന്‍ ബൗളിങ്ങില്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്റെ രണ്ട് ഓവറുകള്‍ ടീമില്‍ വലിയ ഇംപാക്ട് ഉണ്ടാക്കും. എന്റെ പരിമിതികള്‍ എനിക്കറിയാം, എന്റെ ശക്തി എന്താണെന്ന് എനിക്കറിയാം. ഞാന്‍ മിച്ചല്‍ സ്റ്റാര്‍ക്കോ പാറ്റ് കമ്മിന്‍സോ ആണെന്ന് ഞാന്‍ ഒരിക്കലും പറയില്ല.
പക്ഷേ എന്റെ 18 പന്തുകള്‍ ശരിയായ സ്ഥലങ്ങളില്‍ എറിഞ്ഞാല്‍ എനിക്ക് മത്സരങ്ങള്‍ ജയിക്കാന്‍ കഴിയും. അടുത്ത തവണ ഐ.പി.എല്ലിനിടെയോ അതിനുശേഷമോ ഞാന്‍ നിങ്ങളുമായി ഒരു അഭിമുഖത്തിന് ഇരിക്കുമ്പോള്‍, നിങ്ങള്‍ തീര്‍ച്ചയായും എന്റെ ബൗളിങ്ങിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കും,’ ശശാങ്ക് സിങ് പറഞ്ഞു.
Content Highlight: Shashank Singh Talking About His Bowling Ability In IPL