| Wednesday, 10th April 2024, 12:23 pm

ആശങ്ക വേണ്ട ശശാങ്കനുണ്ട് കൂടെ; 'സെഞ്ച്വറി' നേട്ടത്തിൽ മൂന്നാമൻ പഞ്ചാബിന്റെ ഹീറോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിന് മൂന്നാം തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബിനെ രണ്ട് റണ്‍സിനാണ് ഹൈദരാബാദ് പരാജയപെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സില്‍ എത്താനെ സാധിച്ചുള്ളൂ.

പഞ്ചാബ് ബാറ്റിങ്ങ് തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 20 റണ്‍സ് എടുക്കുന്നതിനു മുന്നേ തന്നെ മൂന്നു വിക്കറ്റുകള്‍ ആയിരുന്നു പഞ്ചാബിന് നഷ്ടമായത്. ടോപ് ഓർഡർ താരങ്ങളായ നായകന്‍ ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, പ്രഭ്‌സിമ്രാന്‍ സിങ് എന്നിവരെയായിരുന്നു പഞ്ചാബിന് നഷ്ടമായത്.

എന്നാല്‍ വാലറ്റത്തിറങ്ങി ടീമിനെ അവസാന ഓവറുകള്‍ വരെ വിജയ പ്രതീക്ഷകള്‍ നല്‍കാന്‍ ശശാങ്കു സിങ്ങിനും അശുതോഷ് ശര്‍മയ്ക്കും സാധിച്ചിരുന്നു. 25 പന്തില്‍ പുറത്താവാതെ 46 റണ്‍സ് നേടിക്കൊണ്ടായിരുന്നു ശശാങ്കിന്റെ തകര്‍പ്പന്‍ പ്രകടനം. 184 പ്രഹര ശേഷിയില്‍ ആറ് ഫോറുകളും ഒരു സിക്സും നേടിക്കൊണ്ടായിരുന്നു ശശാങ്കിന്റെ പോരാട്ടം.

ഈ മിന്നും പ്രകടനത്തിനു പിന്നാലെ ഒരു അവിസ്മരണീയമായ നേട്ടമാണ് ശശാങ്കിനെ തേടിയെത്തിയത്. ഈ സീസണില്‍ നൂറിന് മുകളില്‍ ആവറേജുള്ള മൂന്നാമത്തെ താരമായി മാറാനാണ് പഞ്ചാബ് താരത്തിന് സാധിച്ചത്. 195.7 സ്‌ട്രൈക്ക് റേറ്റിലും 137.0 ആവറേജിലും ആണ് താരം ഈ സീസണില്‍ ബാറ്റ് ചെയ്തത്. ഇതിനോടകം തന്നെ ഈ നൂറിന് മുകളില്‍ ആവറേജുള്ളത് വിരാട് കോഹ്ലിയും നിക്കോളാസ് പൂരനും ആണ്.

മറുഭാഗത്ത് 15 പന്തില്‍ പുറത്താവാതെ 33 റണ്‍സ് നേടി അശുതോഷും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 120 സ്‌ട്രൈക്ക് റേറ്റില്‍ 3 ഫോറുകളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടുകൂടി തകര്‍പ്പന്‍ പ്രകടനം.

ഭുവനേശ്വര്‍ കുമാര്‍ രണ്ട് വിക്കറ്റും നായകന്‍ പാറ്റ് കമ്മിന്‍സ്, നടരാജന്‍, ജയ്ദേവ് ഉനത്ഖട്ട് നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അതേസമയം അര്‍ധസെഞ്ച്വറി നേടിയ നിതീഷ് കുമാര്‍ റെഡ്ഢിയുടെ കരുത്തിലാണ് ഹൈദരാബാദ് മികച്ച ടോട്ടല്‍ നേടിയത്. 37 പന്തില്‍ 64 നേടികൊണ്ടായിരുന്നു നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം. നാല് ഫോറുകളും അഞ്ച് സിക്സുകളുമാണ് താരം അടിച്ചെടുത്തത്. 172.97 സ്ട്രൈക്ക് റേറ്റിലാണ് നിതീഷ് കുമാര്‍ ബാറ്റ് വീശിയത്.

പഞ്ചാബ് ബൗളിങ്ങില്‍ അര്‍ഷ്ദീപ് സിങ് നാല് വിക്കറ്റും ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Shashank Singh great performance in IPL

We use cookies to give you the best possible experience. Learn more