| Monday, 7th October 2019, 11:54 pm

'പള്ളിത്തര്‍ക്കം സംയമനത്തോടെ ചര്‍ച്ച ചെയ്ത സര്‍ക്കാര്‍ ശബരിമലയില്‍ നടത്തിയത് അത്‌ലറ്റിക് റേസ്'; തന്നെ മോദി ഭക്തനാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയില്ലാത്തവരെന്ന് ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാക്കോബായ-ഓര്‍ത്തഡോക്‌സ് പള്ളിത്തര്‍ക്കം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ചര്‍ച്ചയും നയപരമായ നീക്കവും നടത്തിയ സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ ധൃതി പിടിച്ച് ഓടിക്കയറുകയായിരുന്നെന്ന് എം.പി ശശി തരൂര്‍. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല പ്രചാരണ വിഷയമാണ്. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു പോലെ കുറ്റക്കാരാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

മോദി സര്‍ക്കാരിനെതിരെ ഏറ്റവും കൂടുതല്‍ വിമര്‍ശനം ഉന്നയിച്ച തന്നെ മോദി ഭക്തനാക്കാന്‍ വെമ്പല്‍ കൊള്ളുന്നവരുടെ ഉദ്ദേശ്യം മനസിലാകുന്നില്ല. ഒഴിവാക്കാനാകാത്ത പരിപാടികളുണ്ടായിരുന്നതിനാലാണ് പ്രചാരണത്തിനെത്താന്‍ വൈകിയത്. ഇക്കാര്യം പാര്‍ട്ടിക്കും സ്ഥാനാര്‍ഥി മോഹന്‍കുമാറിനും കൃത്യമായി അറിയാമായിരുന്നെന്നും തരൂര്‍ പറഞ്ഞു.

‘ഞാന്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തി എന്ന് വിമര്‍ശിക്കുന്നവരോട് ഒരു ഉദാഹരണം കാണിച്ച് തരാമോ എന്ന് ചോദിച്ചു. എന്റെയത്ര നന്നായി ചിന്തിച്ച് ആലോചിച്ച് മോദിയെ വിമര്‍ശിച്ച ഒരു കോണ്‍ഗ്രസുകാരനുണ്ടോ? എന്റെ പുസ്തകത്തിന്റെ ഓരോ സെക്ഷനിലും അത് വ്യക്തമാണ്. മോദി ഇങ്ങനെയാണ് ഇന്ത്യയെ ചതിക്കുന്നതെന്ന് വ്യക്തമാക്കി അതില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് എന്നെ ഒരു മോദി ഭക്തനാക്കാന്‍ ചില രാഷ്ട്രീയക്കാര്‍ക്ക് മാത്രമേ സാധിക്കുള്ളു. എഴുതിയത് വായിച്ച് മനസിലാക്കുന്ന ബുദ്ധിയുള്ളവര്‍ക്കത് പറയാന്‍ ബുദ്ധിമുട്ടായിരിക്കും’, തരൂര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെക്കുറിച്ചും തരൂര്‍ വ്യക്തമാക്കി. ‘സുപ്രീം കോടതി വിധി വന്നപ്പോഴും അധികാരത്തിലുണ്ടായിരുന്നത് ബി.ജെപിയാണ്. ആ പാര്‍ട്ടിക്ക് പിന്നെ എങ്ങനെയാണ് ജനങ്ങളോട് ഞങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുമെന്ന് പറയാന്‍ കഴിയുക? വിശ്വാസികളുടെ വേദനയെ ആശ്വസിപ്പിക്കാന്‍ എന്താണ് ബി.ജെ.പി ചെയ്തിട്ടുള്ളതെന്നും തരൂര്‍ ചോദിച്ചു. ‘മുദ്രാവാക്യം വിളിച്ചും നാടകം കളിച്ചും ബഹളമുണ്ടാക്കിയും പവിത്രമായ ഒരു സ്ഥലത്തെ രാഷ്ട്രീയ വേദിയാക്കുകയാണ് ബി.ജെ.പി ചെയതത്. അത് ജനങ്ങള്‍ക്കറിയാം. ഭരണം കിട്ടിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത ആ പാര്‍ട്ടിക്ക് ഇനിയും ഭരണം കൊടുത്തിട്ട് എന്താണ് കാര്യം?’.

എസ്.സി എസ്.ടി വോട്ട് ലക്ഷ്യം വച്ചാണ് നിയമ ഭേദഗതി കൊണ്ടുവന്നതെന്നും തരൂര്‍ വിമര്‍ശിച്ചു. ഒരു വിധിയില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുമെങ്കില്‍ എന്തുകൊണ്ടാണ് ശബരിമല വിധിയില്‍ അത് പ്രയോഗിക്കാത്തത്? അത് ചെയ്യാത്തത് ആഗ്രഹമില്ലാത്തതുകൊണ്ടാണെന്നും തരൂര്‍ പറഞ്ഞു. ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിനും രാജ്യത്തിനു തന്നെ ഭീഷണിയായ കേന്ദ്ര സര്‍ക്കാരിനും എതിരായ വിധിയെഴുത്തായിരിക്കും ഉപതെരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുകയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more