| Wednesday, 8th November 2023, 1:19 pm

സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമ്പോള്‍ ഐ.പി.എല്ലിനേക്കാള്‍ സമ്മര്‍ദമുണ്ട് ; ഷാരൂഖ് ഖാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റ് ആയ സയ്യിദ് മുഷ്താഖ് അലി. ടൂര്‍ണമെന്റിനെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റര്‍ ഷാരൂഖ് ഖാന്‍.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി താരതമ്യപ്പെടുത്തി കൊണ്ടായിരുന്നു ഷാരൂഖ് പറഞ്ഞത്.

ഐ.പി.എല്ലിനെ അപേക്ഷിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദം തോന്നുന്നുണ്ടെന്നും ഐ.പി.എല്ലിലേക്കും ഇന്ത്യന്‍ ടീമിലേക്കും കടന്നു വരാന്‍ ആഗ്രഹിക്കുന്ന പുതിയ താരങ്ങള്‍ക്ക് ഇത് വലിയൊരു ടൂര്‍ണമെന്റ് ആയിരിക്കും എന്നുമാണ് ഷാരൂഖ് പറഞ്ഞത്.

ആകാശ് ചോപ്ര ഹോസ്റ്റ് ചെയ്യുന്ന ‘#ആകാശവാണി’ എന്ന പരിപാടിയിലാണ് ഷാരൂഖാന്‍ ടൂര്‍ണമെന്റിനെകുറിച്ച് വിലയിരുത്തിയത്.

‘ഐ.പി.എല്‍ കളിക്കാനും ഇന്ത്യന്‍ ടീമിലേക്ക് കടന്നു വരാനും ആഗ്രഹിക്കുന്ന താരങ്ങള്‍ക്ക് ഇത് വലിയൊരു ടൂര്‍ണമെന്റ് ആയിരിക്കും. കൂടാതെ ഐ.പി.എല്ലിനെ അപേഷിച്ച് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കൂടുതല്‍ സമ്മര്‍ദം ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കാരണം ഇവിടെയുള്ള വിക്കറ്റ് വളരെ മികച്ചതാണ്. ഈ ടൂര്‍ണമെന്റില്‍ കൂടുതല്‍ വേഗതയില്‍ കളിക്കാന്‍ സാധിക്കും.  ഇവിടെ വിജയിക്കാന്‍ കൂടുതല്‍ കഴിവ് ആവശ്യമാണ്,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തമിഴ് നാടിന്റെ താരമാണ് ഷാരൂഖ് ഖാന്‍. അതേസമയം ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിലാണ് ഷാരൂഖ് കളിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഈ സീസണില്‍ പഞ്ചാബ് തങ്ങളുടെ ആദ്യ കിരീടം നേടി. ഫൈനലില്‍ ബറോഡയെ 20 റണ്‍സിന് തകര്‍ത്താണ് പഞ്ചാബ് കന്നികിരീടം സ്വന്തമാക്കിയത്. ഒരുപാട് കഴിവുള്ള യുവതാരങ്ങള്‍ക്ക് വലിയ അവസരങ്ങളാണ് ഈ ടൂര്‍ണമെന്റ് നല്‍കുന്നത്.

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് പഞ്ചാബ് താരം അഭിഷേക് ശര്‍മ സ്വന്തമാക്കി.

510 റണ്‍സ് നേടികൊണ്ട് റിയാന്‍ പരാഗ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി തെരഞ്ഞെടുക്കപ്പെട്ടു.

അതേസമയം 19 വിക്കറ്റുകള്‍ നേടിക്കൊണ്ട് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി തെലുങ്പാളി രവി തേജയും തെരഞ്ഞെടുക്കപ്പെട്ടു.

Content Highlight: Sharukh khan talks about syed mushtaq ali trophy.

We use cookies to give you the best possible experience. Learn more