| Wednesday, 17th February 2016, 10:09 am

തന്റെ സിനിമയെ അനുകരിച്ച് സ്‌നാപ് ഡീല്‍ ഉദ്യോഗസ്ഥയെ തട്ടിക്കൊണ്ടുപോയ സംഭവം നിര്‍ഭാഗ്യകരമെന്ന് ഷാരൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തന്റെ “ദാര്‍” സിനിമയെ അനുകരിച്ചുകൊണ്ട് സ്‌നാപ്ഡീല്‍ ഉദ്യോഗസ്ഥ ദീപ്തി സര്‍നയെ തട്ടിക്കൊണ്ടുപോയ സംഭവം നിര്‍ഭാഗ്യകരമെന്ന് ഷാരൂഖ് ഖാന്‍. സിനിമയില്‍ പ്രചോദിതരായാണ് ദീപ്തിയെ തട്ടിക്കൊണ്ടു പോയതെന്ന് കഴിഞ്ഞ ദിവസം പോലിസിനോട് പ്രതികള്‍ പറഞ്ഞിരുന്നു.

സിനിമ ഒരിക്കലും ആളുകളെ നെഗറ്റീവായി സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടു നിര്‍മ്മിക്കുന്നതല്ല. ആള്‍ക്കാരെ ഇത്തരത്തില്‍ മോശമായി സ്വാധീനിക്കുന്നു എന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായ സ്ഥിതിവിശേഷമാണെന്നും ഷാരൂഖ് പറഞ്ഞു. അഭിനയവും സിനിമയും നമ്മള്‍ ചിന്തിക്കുന്നതിനും ഉപരിയായി  ആരാധകരെ സ്വാധീനിക്കുന്നുണ്ടെന്നും ചിലപ്പോള്‍ അത് നെഗറ്റീവായി ഫലത്തില്‍ വരുമെന്നും അത് നിര്‍ഭാഗ്യകരമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഷാരൂഖ് ഖാന്റെ 1990ലെ “ദാര്‍” സിനിമയെ അനുകരിച്ചാണ് ഗാസിയാബാദില്‍ നിന്നും ദീപ്തിയെ തട്ടിക്കൊണ്ടു പോയതെന്ന് കേസിലെ 27 വയസുകാരനായ പ്രധാന പ്രതി ദേവേന്ദ്ര പറഞ്ഞിരുന്നു. ഇയാളുടെ ഇഷ്ട പുസ്തകങ്ങള്‍ ഹിറ്റ്‌ലറുടെ ജീവചരിത്രമായ “മെയ്ന്‍ കാംഫ്”, “ദ ഹിസ്റ്ററി ഓഫ് ചെങ്കിസ് ഖാന്‍സ് കോണ്‍ക്വസ്റ്റ്‌സ്” എന്നിവയാണെന്നും ജയിലില്‍ വച്ച് ഇയാള്‍ “മെയിന്‍ കാംഫ്” വായിച്ചുവെന്നും പോലിസ് പറഞ്ഞു. ഷാരൂഖിന്റെ റൊമാന്റിക് സൈക്കോളജിക് ത്രില്ലറായ “ദാര്‍” സിനിമ ഇയാളെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച ഓഫീസില്‍ നിന്നും വീട്ടിലേക്ക് തിരിച്ചുവരുന്ന വഴിയാണ് ദീപ്തിയെ തട്ടിക്കൊണ്ടുപോയത്. ഓട്ടോയില്‍ കയറിയ ദീപ്തിയെ കത്തി ചൂണ്ടി പേടിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോയവര്‍ തന്നോട് മോചനദ്രവ്യം ആവശ്യപ്പെട്ടില്ലെന്നും ലൈംഗികമായോ,ശാരീരികമായോ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യേണ്ടെന്നും ദീപ്തി പോലിസിനോട് പറഞ്ഞിരുന്നു.

28 വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തി; എ.ബി.വി.പി തടയാനെത്തി

We use cookies to give you the best possible experience. Learn more