ദീപിക പദുക്കോണുമായി ചേര്‍ന്ന് ഉടന്‍ തന്നെ ഒരു സിനിമയുണ്ടാകുമെന്ന് ഷാരൂഖ് ഖാന്‍. ആസ്‌ക് എസ്.ആര്‍.കെ(ask srk) എന്ന പേരില്‍ ട്വിറ്ററില്‍ ഷാരൂഖ് ഒരു സെഷന്‍ നടത്തുകയാണിപ്പോള്‍. അതിന്റെ ഭാഗമായി ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിനാണ് ദീപികയുമായി ചേര്‍ന്ന് വീണ്ടും സിനിമയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരിക്കുന്നത്.
‘ഷാരൂഖും ദീപികയുമായുള്ള കോമ്പിനേഷന്‍ എല്ലായ്‌പ്പോഴും ബ്ലോക്ബസ്റ്ററാണ്, ഓം ശാന്തി ഓം, ചെന്നൈ എക്‌സ്പ്രസ്, ഹാപ്പി ന്യു ഇയര്‍, പത്താന്‍ തുടങ്ങി എല്ലാ സിനിമയും വിജയമായിരുന്നല്ലോ. ഇനി എന്നാണ് മറ്റൊരു ബ്ലോക്ബസ്റ്ററുമായി ഇരുവരുമെത്തുക,’ ആരാധകന്‍ ഷാരൂഖിനോട് ചോദിച്ചു.
അതിന് മറുപടിയും കിങ് ഖാന്‍ തന്റെ ആരാധകന് നല്‍കി. ‘ദീപികയോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാന്‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നു. ഉടന്‍ തന്നെ അത് സംഭവിക്കും,’ ഷാരൂഖ് ട്വീറ്റ് ചെയ്തു.
അതേസമയം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനാണ് ദീപികയും ഷാരൂഖും ചേര്‍ന്ന് അഭിനയിച്ച അവസാന സിനിമ. ജനുവരി 25ന് തിയേറ്ററുകളിലെത്തിയ സിനിമ ഇപ്പോള്‍ 700കോടി എന്ന കളക്ഷന്‍ റെക്കോര്‍ഡ് വരെ സ്വന്തമാക്കി. ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ചിത്രം എന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കിയിരുന്നു.
കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെയും ബാഹുബലി കണ്‍ക്ലൂഷന്റെയും ദംഗലിന്റെയും റെക്കോഡുകള്‍ പത്താനിപ്പോള്‍ മറികടന്നിട്ടുണ്ട്. ദംഗല്‍ 13 ദിവസം കൊണ്ടും ബാഹുബലി ടു ഹിന്ദി വേര്‍ഷന്‍ പത്ത് ദിവസം കൊണ്ടും കെ.ജി.എഫ് ടു ഹിന്ദി വേര്‍ഷന്‍ 11 ദിവസം കൊണ്ടുമാണ് 300 കോടി ക്ലബ്ബില്‍ എത്തിയത്.
സിനിമ റിലീസിനെത്തുന്നതിന് മുമ്പ് തന്നെ പത്താനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. സിനിമക്കെതിരെ ബോയ്‌ക്കോട്ട് ആഹ്വാനവും ഉയര്‍ന്നിരുന്നു. സിനിമയിലെ ബേഷരം രംഗ് എന്ന ഗാനമാണ് ‘ബഹിഷ്‌കരണക്കാരെ’ ചൊടിപ്പിച്ചത്.
നായികയായ ദീപിക പദുക്കോണ്‍ അണിഞ്ഞ കാവി ബിക്കിനിയാണ് ഇവരുടെ പ്രശനങ്ങള്‍ക്ക് തുടക്കമിട്ടത്. ദൈവത്തിന്റെ നിറമായ കാവിയെ അപമാനിച്ചുവെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചായിരുന്നു സംഘപരിവാര്‍ അതിക്രമങ്ങള്‍.
content highlight: sharukh khan’s new tweet