Entertainment
മൂന്ന് കൊല്ലമായി ആളെ കുറിച്ച് ഒരു വിവരവും ഇല്ല; ചത്തിട്ടില്ലെന്ന് ഷാരൂഖിന്റെ മറുപടി; റീലും റിയലും ഒന്നാക്കി പത്താന്‍ ടീസര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Nov 02, 07:10 am
Wednesday, 2nd November 2022, 12:40 pm

മൂന്ന് കൊല്ലത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലേക്ക് നായകനായി തിരിച്ചെത്തുകയാണ് ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന്‍. ജന്മദിനത്തില്‍ പുറത്തുവിട്ട പത്താന്റെ ടീസറിലൂടെ തിയേറ്ററുകളെ ഇളക്കിമറിക്കാന്‍ തന്നെയാണ് കിങ് ഖാന്റെ വരവെന്ന് വ്യക്തം.

മാസ് മോഡില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറിലെ പ്രധാന ആകര്‍ഷണം പത്താനായി എത്തുന്ന ഷാരൂഖിന്റെ ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. റോഡില്‍ തുടങ്ങി ആകാശത്ത് വരെ ചേസും മാസുമായെത്തി ഒരു കംപ്ലീറ്റ് ആക്ഷന്‍ പാക്ക്ഡ് സിനിമയായാണ് പത്താന്‍ എത്തുന്നത്.

ചിത്രത്തില്‍ ഷാരൂഖിനൊപ്പം ദീപിക പദുക്കോണും ജോണ്‍ എബ്രഹാമുമാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്. ദീപിക ഷാരൂഖിന്റെ നായികയും ജോണ്‍ വില്ലനുമാകാനാണ് സാധ്യത.

പത്താന്റെ ടീസറിലെ മറ്റൊരു പ്രത്യേകത ഷാരൂഖിന്റെ റിയല്‍ ലൈഫും കരിയറുമായി കണക്ട് ചെയ്യാന്‍ കഴിയുന്ന ഡയലോഗുകളാണ്. മൂന്ന് വര്‍ഷമായി പത്താനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഒരു കഥാപാത്രം ടീസറില്‍ പറയുന്നുണ്ട്.

അവസാന മിഷന്റെ സമയത്ത് ഇയാളെ ശത്രുക്കള്‍ തടവിലാക്കിയെന്നും അവിടെ വെച്ച് ക്രൂരമായി ഉപദ്രവിച്ചെന്നും ഇയാള്‍ തുടര്‍ന്ന് പറയുന്നു. ഒരുപക്ഷെ പത്താന്‍ മരിച്ചുപോയിട്ടുണ്ടാകും എന്ന വാചകം പറഞ്ഞ് മുഴുവനാക്കുന്നതിന് മുമ്പേ ‘സിന്ദാ ഹേ’ എന്ന ഡയലോഗുമായി ഷാരൂഖ് എത്തുന്നു.

കൊവിഡ് പ്രതിസന്ധിയും നായകനായ സിനിമകള്‍ ഇല്ലാതിരുന്നതും ഈ വര്‍ഷങ്ങളില്‍ പല തരത്തിലുള്ള വിദ്വേഷ അറ്റാക്കുകള്‍ ഷാരൂഖ് നേരിടേണ്ടി വന്നതുമെല്ലാം ഈ ടീസര്‍ കാണുമ്പോള്‍ ഓര്‍മയിലെത്തും.

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ഷാരൂഖാന് മാത്രമല്ല തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന യഷ് രാജ് ഫിലിംസിനും ഒരു മടങ്ങിവരവ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ.

സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

Content Highlight: Sharukh Khan’s new movie Pathaan teaser