ജാംനഗറില്‍ നടന്നുവരുന്ന ആനന്ദ് അംബാനിയുടെ വിവാഹത്തിന് ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ അണിനിരന്നു. എല്ലാ ഇന്‍ഡസ്ട്രിയിലെയും വന്‍ താരങ്ങള്‍ അണിനിരന്ന ചടങ്ങിലെ കാഴ്ചകളാണ് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍. ബോളിവുഡില്‍ നിന്ന് ഷാരൂഖ്, സല്‍മാന്‍, ആമിര്‍ എന്നീ ഖാന്‍ ത്രയങ്ങളും, സൗത്ത് ഇന്ത്യയില്‍ നിന്ന് രജിനികാന്ത്, റാം ചരണ്‍ തുടങ്ങിയ സിനിമാ താരങ്ങളും, ക്രിക്കറ്റ് മേഖലയില്‍ നിന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി എന്നിവരും സാന്നിധ്യമറിയിച്ചു. പ്രശസ്ത ഗായികയായ റിഹാനയുടെ ലൈവ് സംഗീതവും ചടങ്ങില്‍ ഉണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം കല്യാണനിശയില്‍ നടന്ന ഡാന്‍സിനിടയില്‍ ഷാരൂഖ് ഖാന്‍ നടത്തേിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ്, ആമിര്‍, സല്‍മാന്‍ എന്നിവര്‍ നാട്ടു നാട്ടു എന്ന പാട്ടിന് ചുവടുവെച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. റാം ചരണെയും നൃത്തത്തിന് ക്ഷണിക്കുന്ന സമയത്ത് ഷാരൂഖ് റാം ചരണിനെ ‘ഹേ ഇഡലി വട റാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് വിളിച്ചതാണ് വിവാദത്തിന് വഴിവെച്ചത്.
റാം ചരണിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേബാ ഹസന്‍ ഷാരൂഖിന്റെ ഈ പരാമര്‍ശത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ഇഡ്‌ലി വട എന്ന് ചേര്‍ത്ത് വിളിക്കുന്നത് സൗത്ത് ഇന്ത്യക്കാരെ മുഴുവന്‍ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നും ഇങ്ങനെ വിളിക്കുന്നത് അപമര്യാദയാണെന്നും പറഞ്ഞുകൊണ്ടാണ് സേബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടത്. ഇത് കണ്ട താന്‍ അപ്പോള്‍ തന്നെ ആ വേദി വിട്ടെന്നും സേബ തന്റെ സ്‌റ്റോറിയില്‍ കൂട്ടിച്ചേര്‍ത്തു. പിങ്ക് വില്ല മീഡിയയുടെ വീഡിയോയില്‍ ഷാരൂഖിന്റെ പരാമര്‍ശം വ്യക്തമായി കേള്‍ക്കാനാകും.
ദക്ഷിണേന്ത്യക്കാരോടുള്ള ഇത്തരം വംശീയ അധിക്ഷേപം ഷാരൂഖിനെപ്പോലൊരു നടനില്‍ നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് നല്‍കിയത് ഒരു സൗത്ത് ഇന്ത്യന്‍ ഡയറക്ടറാണെന്നുള്ള കാര്യം അദ്ദേഹം മറന്നുപോയെന്നും പലരും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടു. 2009ലെ ഫിലിംഫെയര്‍ അവാര്‍ഡ് വേദിയില്‍ വെച്ച് നീല്‍ നിതിന്‍ മുകേഷിനെ ഷാരൂഖ് കളിയാക്കിയതും വിവാദമായിരുന്നു.
Content Highlight: Sharukh Khan’s insult over Ram Charan in Jamnagar wedding becomes controversial