| Wednesday, 7th November 2018, 11:19 pm

ഷാരൂഖ് ധരിച്ചത് കൃപാണമല്ല, കഠാരയാണ്; വിശദീകരണവുമായി സീറോ സിനിമയുടെ നിര്‍മ്മാതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഷാരൂഖ് ഖാന്‍ ചിത്രം സീറോയില്‍ സിഖ് മതവികാരം വ്രണപ്പെടുത്തുന്ന രംഗമുണ്ടെന്ന ആരോപണത്തിന് വിശദീകരണവുമായി സിനിമയുടെ നിര്‍മ്മാതാക്കള്‍. പോസ്റ്ററില്‍ കാണുന്നത് സിഖ് മതചിഹ്നമായ കൃപാണല്ലെന്നും മതവികാരങ്ങളെ ഒരു തരത്തിലും വ്രണപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നുമാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

ബി.ജെ.പി എം.എല്‍.എ മഞ്ജീന്ദര്‍ സിങ്ങ് സിര്‍സയാണ് സിനിമയിലെ രംഗം സിഖുകാരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതി നല്‍കിയിരുന്നത്.

കൃപാണവുമായി രൂപസാദൃശ്യമുണ്ടെങ്കിലും പോസ്റ്ററില്‍ ഷാരൂഖ് ഖാനൊപ്പം കാണുന്നത് കഠാരയാണെന്നാണ് സിനിമയുടെ നിര്‍മാതാക്കളായ സ്പൈസ് പ്രൊഡക്ഷന്‍ ബി.ജെ.പി എം.എല്‍.എക്കു നല്‍കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.


ഷാരൂഖ് ഖാന്‍ ആദ്യമായി ശാരീരിക വൈകല്യമുള്ള വ്യക്തിയായി സ്‌ക്രീനിലെത്തുന്ന വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ചിത്രമാണ് സീറോ എന്നും ജീവിതത്തിലെ അപൂര്‍ണതകളെക്കുറിച്ച് പറയുന്ന ഹൃദയഭേദകമായ കഥയാണെന്നും കുറിപ്പില്‍ പറയുന്നു. വിശദീകരണം സ്വീകരിച്ചിരിക്കുന്നതായി എം.എല്‍ .എയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായ്, നായകന്‍ ഷാരുഖ് ഖാന്‍ എന്നിവര്‍ക്കെതിരേയാണ് ന്യൂദല്‍ഹിയിലെ നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനില്‍ എം.എല്‍.എ പരാതി നല്‍കിയിരുന്നത്. രജോരി ഗാര്‍ഡന്‍ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി അംഗമാണ് ദല്‍ഹിയിലെ സിഖ് ഗുരുദ്വാര മനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി കൂടിയായ മഞ്ജീന്ദര്‍ സിങ്.

ഷാരുഖ് കുള്ളനായെത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ പോസ്റ്ററില്‍ സിഖ് മതചിഹ്നമായ കൃപാണുമായി അടിവസ്ത്രം മാത്രം ധരിച്ച് നില്‍ക്കുന്ന ഷാരുഖിന്റെ ദൃശ്യമുണ്ടായിരുന്നു. ഇത് സിഖ് മതത്തെ അവഹേളിക്കുന്നതാണെന്ന് കാണിച്ചാണ് സിങ് പൊലീസില്‍ പരാതി നല്‍കിയത്. മഞ്ജീന്ദര്‍ സിങ് തന്നെയാണ് പരാതി നല്‍കിയ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.


ആനന്ദ് എല്‍ റായുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍, അനുഷ്‌ക ശര്‍മ്മ, കത്രീന കെയ്ഫ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ ജബ് തക് ഹേ ജാനിനു ശേഷം മൂവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

We use cookies to give you the best possible experience. Learn more