| Saturday, 4th April 2020, 5:24 pm

പണവും ഭക്ഷവും മാത്രവുമല്ല നല്‍കുന്നത്; തന്റെ ഓഫീസ് തന്നെ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി വിട്ടു നല്‍കി ഷാരൂഖ് ഖാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: നഗരത്തിലുള്ള തന്റെ ഓഫീസ് കെട്ടിടം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുനല്‍കുമെന്ന് ഷാരൂഖ് ഖാന്‍. ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കായി നാലു നില ഓഫീസ് കെട്ടിടമാണ് വിട്ടു നല്‍കുകയെന്ന് ഷാരൂഖും ഭാര്യ ഗൗരിയും അറിയിച്ചു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വേണ്ടിയുള്ള ക്വാറന്റൈന്‍ സൗകര്യമാണ് ഇവിടെയൊരുക്കുകയെന്ന് ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങള്‍ പിന്തുണ നല്‍കുന്നെന്ന് ഷാരൂഖിന്റെയും ഭാര്യയുടെയും ഉടമസ്ഥതതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെന്‍മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘പ്രതിസന്ധിയുടെ വ്യാപ്തി കണക്കലെടുത്ത് ഞാനും എന്റെ ടീമും ഞങ്ങള്‍ക്കാവുന്ന തരത്തില്‍ എളിമയുടെ രീതിയില്‍ സംഭാവനകള്‍ നല്‍കാനുള്ള വഴികള്‍ ആലോചിച്ചു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്’, ഷാരൂഖ് പറഞ്ഞു.

റെഡ് ചില്ലീസിന് പുറമെ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, എന്‍.ജി.ഒ മീര്‍ ഫൗണ്ടേഷന്‍ എന്നിവയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ദിവസവും 5000 കുടുംബത്തിനുള്ള ഭക്ഷണമാണ് മീര്‍ ഫൗണ്ടേഷന്‍ തയ്യാറാക്കുന്നത്. ആശുപത്രികളിലേക്കും ഭക്ഷണമെത്തിക്കുമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചിട്ടുണ്ട്. ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന 2500 ദിവസക്കൂലിക്കാര്‍ക്കും ഷാരൂഖിന്റെ മീര്‍ ഫൗണ്ടേഷന്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സര്‍ക്കാരുകളോട് കൂടിയാലോചിച്ച് പ്രവര്‍ത്തിക്കാനാണ് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാനാണ് ഇവരുടെ ശ്രമം.
മഹാരാഷ്ട്രയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനും ശിവസേനാ മന്ത്രി ആദിത്യ താക്കറെയ്ക്കും ഷാരൂഖ് ഖാന്‍ നന്ദി പറഞ്ഞിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ ഏര്‍പെട്ടിരിക്കുന്ന സംസ്ഥാനത്തുള്ളവരാരും പരസ്പരം നന്ദിപറയേണ്ടതില്ലെന്നും എല്ലാവരും ഒരു കുടുംബമാണെന്നും ഷാരൂഖ് പറഞ്ഞു.

ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികള്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ധനസഹായം നല്‍കിയിരുന്നു. ഇതിന് നന്ദിപറഞ്ഞ് രംഗത്തെത്തിയ ആദിത്യ താക്കറെയ്ക്ക് മറുപടി നല്‍കുകയായിരുന്നു താരം. ‘ഇതുപോലെ പരസ്പരം ഒരിക്കലും നന്ദി പറയേണ്ടതില്ല. നമ്മള്‍ ഒരു കുടുംബമാണ്. മഹാരാഷ്ട്രയ്ക്കായി നിങ്ങള്‍ അഹോരാത്രം ബുദ്ധിമുട്ടുന്നതില്‍ നന്ദിയുണ്ട്’, ഷാരൂഖ് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more