| Wednesday, 18th January 2023, 5:17 pm

'പത്താന്‍' ഇന്ത്യയെ അമ്മയായി കാണുന്ന ഒരാളാണ്: ഷാരൂഖ് ഖാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാന്‍ വീണ്ടും തിരിച്ചുവരുന്ന സിനിമയാണ് പത്താന്‍. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിരുന്നു. ദീപിക പദുക്കോണ്‍ നായികയായി എത്തുന്ന സിനിമയിലെ ബേഷരം രംഗ് എന്ന ഗാനത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷ പ്രചരണവുമായി രംഗത്തെത്തിയിരുന്നു.

പത്താന്‍ ഇന്ത്യയെ ഏകമനസോടെ അമ്മയായി കാണുന്ന ഒരാളാണെന്ന് ഷാരൂഖ് ഖാന്‍. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്റെ ഈ പരാമര്‍ശം. പത്താന്‍ സിനിമയെ കുറിച്ചും അതിലെ തന്റെ കഥാപാത്രത്തെ കുറിച്ചും ഷാരൂഖ് ഖാന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘ആക്ഷന്‍ ഹീറോയാകാനാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. എന്നാല്‍ അതിന് കഴിഞ്ഞില്ല. പകരമൊരു റൊമാന്റിക് ഹീറോയിലേക്കാണ് ഞാനെത്തിയത്. ആക്ഷന്‍ ഹീറോ ആകണമെന്ന ആഗ്രഹം മാത്രമെ എനിക്ക് ഉണ്ടായിരുന്നുള്ളു. ഡി.ഡി.എല്‍.ജെയെയും രാഹുലിനെയും രാജിനെയും പോലെയുള്ള സ്വീറ്റ് നായകന്മാരെ എനിക്ക് ഇഷ്ടമാണ്.

എന്നാല്‍ മനസില്‍ ഞാന്‍ എപ്പോഴും എന്നെ കാണുന്നത് ആക്ഷന്‍ ഹീറോയായിട്ടാണ്. അതുകൊണ്ട് തന്നെ പത്താന്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്‌ന സാക്ഷാത്കാരമാണ്. ഒരാള്‍ ആശ്ചര്യപ്പെടുന്ന രീതിയില്‍ നമ്മുടെ പ്രകടനം വരണമെങ്കില്‍, നമ്മളെ സ്വയം സംവിധായകന്റെ കയ്യില്‍ ഏല്‍പ്പിക്കണം.

സിദ്ധാര്‍ത്ഥ് ആ കാര്യത്തില്‍ മികച്ചൊരാളാണ്. അതുകൊണ്ട് തന്നെ കൂടുതലൊന്നും ചോദിക്കേണ്ടി വരില്ല. ബേഷരം രംഗ് എന്ന ഗാനം ഷൂട്ട് ചെയ്യുന്നതിന് വേണ്ടി സിദ്ധാര്‍ത്ഥും അദ്ദേഹത്തിന്റെ ടീമും നല്ല ലൊക്കേഷനുകള്‍ തേടുന്നുണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഗാനം ഷൂട്ട് ചെയ്തത് സ്‌പെയിനിലായിരുന്നു. അത്ര മനോഹരമായ ലൊക്കേഷനുകളായിരുന്നു അതൊക്കെ. ഞാന്‍ ആദ്യമായിട്ടായിരുന്നു അവിടെ പോയത്. എന്റെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ശരിക്കും അതൊരു കുടുംബ അവധി പോലെയായിരുന്നു.

മുംബൈയില്‍ വന്ന കാലം മുതല്‍ എനിക്ക് ജോണിനെ അറിയാം. ജോണ്‍ എന്റെ നല്ല സുഹൃത്താണ്. അധികം സംസാരിക്കാത്ത ഒരാളാണ് ജോണ്‍. പലപ്പോഴും ഒരുമിച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ പത്താന്‍ വളരെ യാദൃശ്ചികമായി സംഭവിച്ച് പോയതാണ്. ഇത്തരത്തിലൊരു നെഗറ്റീവ് റോള്‍ ചെയ്യാന്‍ സമ്മതിച്ച ജോണിനെ ഉറപ്പായും സമ്മതിച്ചേ കഴിയൂ. എനിക്കും ഇതുപോലെയുള്ള ഒരു റോള്‍ ചെയ്യാന്‍ വലിയ ആഗ്രഹമാണ്.

പത്താന്‍ വളരെ സിമ്പിളായ ഒരാളാണ്. എന്നാല്‍ ഭയങ്കര കഠിനമായ പല കാര്യങ്ങളും അയാള്‍ ചെയ്യുന്നുണ്ട്. പത്താന്‍ ഇന്ത്യയെ തന്റെ അമ്മയായി കാണുന്ന ഒരാളാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ബേഷരം രംഗ് പോലെയൊരു ഗാനം ചെയ്യാന്‍ ദീപികയെ പോലെ ഒരാളെ ആവശ്യമുണ്ട്. എന്നെക്കാള്‍ കൂടുതല്‍ കഠിനമായ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ളത് ദീപികക്കാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു കോമ്പിനേഷന്‍ ചെയ്യാന്‍ അവര്‍ക്ക് മാത്രമെ സാധിക്കുകയുള്ളു,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.

content highlight: sharukh khan about pathan movie

We use cookies to give you the best possible experience. Learn more