ചെറിയ ഇടവേളക്ക് ശേഷം ബാക്ക് ടു ബാക്ക് സിനിമകളുമായി തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുകയാണ് ഷാരൂഖ് ഖാന്‍. പത്താന്‍, ജവാന്‍, ഡുങ്കി എന്നീ ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങിയിരിക്കുന്നത്.
വലിയ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാന്‍ ഈ മൂന്ന് ചിത്രങ്ങളെയും കാത്തിരിക്കുന്നത്. ആ പ്രതീക്ഷയും ആത്മവിശ്വാസവും വ്യക്തമാക്കുന്ന വാക്കുകളായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
ഈ മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാകുമെന്ന് തന്നെയാണ് താന്‍ കരുതുന്നതെന്നും ഇതിനെ പൊങ്ങച്ചം പറച്ചിലായി കാണരുത് എന്നുമാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. അത്തരമൊരു വിശ്വാസമുള്ളതു കൊണ്ടാണ് 57ാം വയസിലും താന്‍ ജോലിക്ക് ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ബുക്ക് ഫെയറില്‍ വെച്ച് ഫയേ ഡിസൂസക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിയേറ്ററിലേക്ക് തിരിച്ചുവരുന്നതില്‍ ആരാധകരെല്ലാം ഏറെ സന്തോഷത്തിലാണെന്നും റിലീസിനെ കുറിച്ച് നെര്‍വസായി ഫീല്‍ ചെയ്യുന്നുണ്ടോ എന്നായിരുന്നു ഫയേ ഡിസൂസയുടെ ചോദ്യം.
‘ശരിക്കും മനസില്‍ തോന്നുന്നത് എന്താണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ആളുകള്‍ എന്നെ പൊങ്ങച്ചക്കാരനായി മുദ്ര കുത്തും. പക്ഷെ നിങ്ങള്‍ ഇന്റര്‍വ്യു ചെയ്യുന്നതുകൊണ്ടും ഞാന്‍ പ്രോമിസ് ചെയ്തത് കൊണ്ടും ഞാന്‍ സത്യസന്ധമായി തന്നെ മറുപടി നല്‍കാം.
പുതിയ ചിത്രങ്ങളുടെ റിലീസിനെ കുറിച്ച് പേടിക്കേണ്ട ആവശ്യമേ എനിക്കില്ല. കാരണം എല്ലാം സൂപ്പര്‍ഹിറ്റുകളാകുമെന്ന് എനിക്ക് ഉറപ്പാണ്.
ഇതൊരു ധിക്കാരമോ പൊങ്ങച്ചമോ അല്ലെന്നുള്ളത് ഞാന്‍ ഒന്ന് വിശദീകരിച്ച് പറയാം. ഈ സിനിമകള്‍ സൂപ്പര്‍ഹിറ്റാകും എന്ന വിശ്വാസത്തോടെയാണ് ഞാന്‍ ഉറങ്ങാന്‍ കിടക്കുന്നത്. അതേ വിശ്വാസത്തിലാണ് ഞാന്‍ എഴുന്നേല്‍ക്കുന്നത്.
ഈ 57ാം വയസിലും ചാടാനും ഓടാനും സ്റ്റണ്ട് ചെയ്യാനും 18 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യാനുമെല്ലാം എന്ന പ്രാപ്തനാക്കുന്നതും ഈ വിശ്വാസമാണ്. ഒരുപാട് മനുഷ്യര്‍ക്ക് ഇഷ്ടപ്പെടുന്ന മികച്ചൊരു ചിത്രമാണ് ഞാന്‍ ഉണ്ടാക്കുന്നത് എന്ന ഉറപ്പില്ലെങ്കില്‍ എനിക്കിതൊന്നു ചെയ്യാനാകില്ല.
അതുകൊണ്ട് തന്നെ വരാന്‍ പോകുന്ന സിനിമകളെല്ലാം വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇത് കുട്ടികളുടേത് പോലെയുള്ള ഒരു ഉറപ്പാണ്. അതായത്, ‘ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ നല്ല സൂപ്പറായി ജയിക്കും’ എന്ന് കരുതാറില്ലേ, അതുപോലെ.
ചെറുപ്പത്തില്‍ ഒരു കണക്ക് പരീക്ഷയില്‍ വളരെ നന്നായി എഴുതിയെന്നായിരുന്നു എനിക്ക് തോന്നിയത്. എന്നാല്‍ റിസള്‍ട്ട് വന്നപ്പോള്‍ നൂറില്‍ ആകെ മൂന്ന് മാര്‍ക്കേ കിട്ടിയുള്ളു. പക്ഷെ നന്നായി എഴുതിയെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.
സിനിമകളിലും അങ്ങനെ തന്നെ സംഭവിച്ചേക്കാം. ഞാന്‍ വെറുമൊരു വട്ടപ്പൂജ്യമായി പോയ സിനിമകളുണ്ടായിട്ടുണ്ട്. പക്ഷെ ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേഗേ പോലെ അധ്വാനിച്ചതിന് പ്രതീക്ഷിച്ച ഫലം കിട്ടിയ സിനിമകളുമുണ്ടായിട്ടുണ്ട്.
ഈ വിജയപരാജയങ്ങളെ കണ്‍ട്രോള്‍ ചെയ്യാന്‍ എനിക്കാകില്ല. പക്ഷെ വരാന്‍ പോകുന്ന സിനിമകളെ കുറിച്ചോര്‍ത്ത് എനിക്കൊരു പേടിയുമില്ല. മറിച്ച് വലിയ ആവേശത്തിലുമാണ്. സത്യം പറഞ്ഞാല്‍ ‘ഷാരൂഖ് ഖാന്‍ ഓണ്‍ സ്‌ക്രീന്‍ എഗെയ്ന്‍’ എന്നത് എന്നെ തന്നെ ഉന്മേഷഭരിതനാക്കുന്നുണ്ട്,’ ഷാരൂഖ് ഖാന്‍ പറഞ്ഞു.
Content Highlight: Sharukh Khan about his upcoming movies and says he is sure that they will be super hits