ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്‌ലിങ്ങൾ വ്യാപകമായി അക്രമിക്കപെടുന്നുവെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ തിരിച്ചടിയെ തുടർന്നുള്ള വർഗീയ അക്രമണകൾ കൂടുന്നത്, ബി.ജെ.പിയും ഹിന്ദുത്വ വർഗീയ ശക്തികളും ധ്രുവീകരണത്തിനുള്ള തങ്ങളുടെ ശ്രമങ്ങൾ കൂടുതൽ ശക്തമാക്കുന്നു എന്ന വസ്തുതയാണ് ഉയർത്തിക്കാട്ടുന്നതെന്ന് സി.പി.ഐ.എം പോളിറ്ബ്യൂറോ പറഞ്ഞു.
പശുക്കടത്ത് ആരോപിച്ച് നിരവധി പേരെയാണ് ഛത്തിസ്‌ഗഢ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും ഹിന്ദുത്വവാദികളും കൊലപ്പെടുത്തിയത്. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിൽ കാളകളെ കടത്തുകയായിരുന്ന മൂന്ന് മുസ്‌ലിം പുരുഷന്മാരെ പശുക്കടത്തുകാരെന്ന് മുദ്രകുത്തി പശു സംരക്ഷകർ എന്ന് വിളിക്കുന്നവർ കൊലപ്പെടുത്തി.
ഗുജറാത്തിലെ വഡോദരയിൽ മുഖ്യമന്ത്രിയുടെ പാർപ്പിട പദ്ധതി പ്രകാരം താഴ്ന്ന വരുമാനക്കാരുടെ പാർപ്പിട സമുച്ചയത്തിൽ മുസ്‌ലിം സ്ത്രീക്ക് ഫ്ലാറ്റ് അനുവദിച്ചതിനെതിരെ അയൽപക്കത്തെ ഹിന്ദു സമുദായത്തിൽപ്പെട്ടവർ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തി.
ഹിമാചൽ പ്രദേശിലെ നഹാനിൽ, ഈദ്-അൽ-അദ്ഹയ്ക്കിടെ പശുവിനെ ബലിയർപ്പിച്ചുവെന്നാരോപിച്ച് മുസ്‌ലിം മതത്തിലുള്ളയാളുടെ
കട കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു. ഗോവധം ആരോപിച്ച് ഇയാൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടർന്ന് പട്ടണത്തിലെ മറ്റ് 16 മുസ്‌ലിം കട ഉടമകളും പലായനം ചെയ്യാൻ നിർബന്ധിതരായി.
അലിഗഢിൽ മോഷണം ആരോപിച്ച് ഒരാളെ വെടി വെച്ച് കൊന്നു. ലഖ്‌നൗവിൽ മുസ്‌ലിങ്ങളുടെ വീടുകൾ പൊളിച്ചു നീക്കി. രാജ്യത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ബി.ജെ.പി യുടെ ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും പോളിറ്റ്ബ്യൂറോ ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.