കാസര്‍കോട്: ഇടമലയാര്‍ ആനവേട്ടക്കേസിലെ പ്രധാന പ്രതികളില്‍ ഒരാള്‍ കൂടി പിടിയിലായി. ഷാര്‍പ്പ് ഷൂട്ടര്‍ ആണ്ടിക്കുഞ്ഞ് (ജിജോ) ആണ് അറസ്റ്റിലായത്.
കാസര്‍കോട് നിന്നും വനപാലകരാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കര്‍ണാടകയില്‍ ഒളിവിലായിരുന്നു. അവിടെ നിന്നും കാസര്‍കോട് എത്തിയപ്പോള്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ആനവേട്ടക്കേസിലെ മുഖ്യപ്രതിയായ വാസുവിന്റെ വലംകൈയാണ് ആണ്ടിക്കുഞ്ഞ്. എല്‍ദോസിനും വാസുവിനുമൊപ്പം ആനവേട്ടക്കേസിലെ മുഖ്യപങ്കാളിയാണിയാള്‍. കൂവപ്പാറ സ്വദേശിയാണിയാള്‍.
എല്‍ദോസ് കഴിഞ്ഞദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എല്‍ദോസിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്ടിക്കുഞ്ഞിനെ അറസ്റ്റു ചെയ്തതെന്നാണ് സൂചന. ഇതോടെ ആനവേട്ടക്കേസിലെ പ്രധാനപ്രതികളെല്ലാം പിടിയിലായി.
ആനക്കൊമ്പ് വിപണനം നടത്തിയ സംഘത്തിലെ പ്രധാനികളാണ് ഇനി പിടിയിലാകാനുള്ളത്. കേസിലെ മുഖ്യപ്രതിയായ ഐക്കരമറ്റം വാസുവിനെ കഴിഞ്ഞയാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മഹാരാഷ്ട്രയില്‍ മലയാളിയുടെ ഫാംഹൗസിലാണ് വാസുവിന്റെ മൃതദേഹം കണ്ടെത്തിയത്.