| Wednesday, 1st June 2022, 6:50 pm

അമ്മ പകുത്തുനല്‍കിയ ജീവനുമായി അനുജത്തി സനയുടെ കൈപിടിച്ച് ഷാരോണ്‍ സ്‌കൂളിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇരിങ്ങാലക്കുട: മൂന്ന് വര്‍ഷം മുമ്പ് അമ്മ പകുത്തുനല്‍കിയ വൃക്കയുമായി ഷാരോണ്‍ ഡോക്ടറുടെയും കുഞ്ഞനുജത്തി സനയുടെയും കൈപിടിച്ച് സ്‌കൂളിന്റെ കല്‍പടവുകള്‍ കയറി.

ഷാരോണിന്റെ കുഞ്ഞുമുഖത്ത് പുഞ്ചിരിയും പ്രതീക്ഷയും വിടര്‍ന്നപ്പോള്‍ മനസുനിറഞ്ഞത് സ്‌കൂളില്‍ തടിച്ചുകൂടിയ നാട്ടുകാര്‍ക്കും അവനെ പരിചരിച്ച ഡോക്ടര്‍മാര്‍ക്കും.

രാവിലെ തന്നെ ഷാരോണിന് നല്‍കാനുള്ള ബാഗും കുടയും പഠനോപകരണങ്ങളുമായി കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍ അജയ് ജോര്‍ജ് കുര്യന്റെ നേതൃത്വത്തിലുള്ള സംഘം ഷാരോണിന്റെ വീട്ടിലെത്തി. തുടര്‍ന്ന് പത്തുമണിയോടെ ഡോക്ടറുടെയും അനുജത്തി സനയുടെയും കൈപിടിച്ച് ഷാരോണ്‍ സ്‌കൂളിലേക്ക്.

കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി കൂവ്വയില്‍ വീട്ടില്‍ ഷാന്റോറിനു ദമ്പതികളുടെ മകനാണ് ഷാരോണ്‍. ഒന്നര വയസിലാണ് ഷാരോണിന് വൃക്ക സംബന്ധമായ രോഗം പിടിപ്പെട്ടത്. പിന്നീട് ഇരുവൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ വീട്ടില്‍ തന്നെ ഡയാലിസിസ് ആരംഭിച്ചു.

മൂന്ന് വര്‍ഷം മുമ്പ് വെളയനാട് സെന്റ് മേരീസ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തെങ്കിലും കൊവിഡ് മൂലം അധിക നാള്‍ സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. ഇതിനിടെ രോഗം ഗുരുതരമായി. വൃക്ക മാറ്റി വയ്ക്കല്‍ മാത്രമായിരുന്നു പോംവഴി. പരിശോധനയില്‍ അമ്മ റിനുവിന്റെ വൃക്ക ഷാരോണിന് യോജിച്ചതാണെന്ന് കണ്ടെത്തി.

2019ല്‍ കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു. കുതിരത്തടം പള്ളിയുടെയും നാട്ടുകാരുടെയും മറ്റും സഹായത്തോടെയാണ് ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്തിയത്.

കൊവിഡ് ഭീതിയില്‍ അണുബാധയേല്‍ക്കാതെ കാക്കുക എന്നതായിരുന്നു മാതാപിതാക്കളുടെയും ആശുപത്രി അധികൃതരുടെയും മുന്‍പിലുള്ള പ്രാധാന വെല്ലുവിളി. കഴിഞ്ഞ രണ്ട് വര്‍ഷവും വീട്ടിലിരുന്നായിരുന്നു പഠനം. ആരോഗ്യവനായി സ്‌കൂളില്‍ തിരിച്ചെത്തിയ ഷാരോണിനെ സ്വീകരിക്കാന്‍ നാടൊരുമിച്ചത് നന്മയുടെ നേര്‍സാക്ഷ്യമായി.

CONTENT HIGHLIGHTS: Sharon soft story  on school open day

We use cookies to give you the best possible experience. Learn more