| Thursday, 19th August 2021, 9:43 am

'ഗ്ലാമര്‍ മിക്‌സ് ചെയ്താണ് എന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അന്ന് അവതരിപ്പിച്ചത്'; ഷര്‍മിലി പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നിരുന്ന നടിയായിരുന്നു ഷര്‍മിലി. എം.ടി വാസുദേവന്‍ നായരുടെ സിനിമയില്‍ നായികയായി അഭിനയ ജീവിതം തുടങ്ങിയ ഷര്‍മിലി പിന്നീട് ഗ്ലാമര്‍ താരമായാണ് അറിയപ്പെട്ടത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ സിനിമ ഉപേക്ഷിക്കുകയും ചെയ്തു.

തമിഴില്‍ കോമഡിസിനിമകളില്‍ അഭിനയിച്ചിരുന്നതിനെക്കുറിച്ച് പറയുകയാണ് ഷര്‍മിലിയിപ്പോള്‍. ഗ്ലാമര്‍ മിക്‌സ് ചെയ്താണ് തന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അവതരിപ്പിച്ചിരുന്നതെന്ന് ഷര്‍മിലി പറയുന്നു. മലയാളത്തില്‍ ചില സിനിമകളില്‍ അഭിനയിച്ച് അത് വിജയം കാണാതിരുന്നപ്പോഴാണ് തമിഴില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചതെന്നും മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞു.

‘കൗണ്ടമണി സാറാണ് ആദ്യമായി പൊണ്ടാട്ടി ശൊന്നാല്‍ കേള്‍ക്കണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതൊരു കോമഡി കഥാപാത്രമായിരുന്നു. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലാത്തതുകൊണ്ട് ആദ്യം നോ പറഞ്ഞെങ്കിലും കൗണ്ടമണി സര്‍ നിര്‍ബന്ധിക്കുകയായിരുന്നു.

അങ്ങനെ ആ സിനിമ വന്‍ ഹിറ്റായി. കൗണ്ടമണി- ഷര്‍മിലി ടീം സൂപ്പര്‍ഹിറ്റ് ജോഡികളുമായി. തമിഴകത്ത് ഇപ്പോഴും ഞങ്ങളുടെ ടീമിന് ആരാധകരേറെയാണ്. പക്ഷേ ഗ്ലാമര്‍ മിക്‌സ് ചെയ്താണ് തന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്,’ ഷര്‍മിലി പറയുന്നു.

തമിഴിലെപ്പോലെ മലയാളത്തിലും കോമഡി ചെയ്ത് തകര്‍ക്കാം എന്ന് കരുതിയിരുന്നെങ്കിലും ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യത കിട്ടാതായപ്പോള്‍ പ്രതീക്ഷ തെറ്റുകയായിരുന്നുവെന്നും അഭിമുഖത്തില്‍ ഷര്‍മിലി കൂട്ടിച്ചേര്‍ത്തു.

2015ല്‍ പുലിമുരുകനിലെ ജൂലി എന്ന കഥാപാത്രം ചെയ്യാനായി ആദ്യം വിളിച്ചത് തന്നെയായിരുന്നുവെന്നും എന്നാല്‍ തടി കൂടുതലായ കാരണം ആ വേഷം നഷ്ടപ്പെടുകയായിരുന്നെന്നും ഷര്‍മിലി നേരത്തേ പറഞ്ഞിരുന്നു. പുലിമുരുകനിലെ ആ കഥാപാത്രം പിന്നീട് ചെയ്തത് നമിതയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sharmili says about her comedy characters in films

We use cookies to give you the best possible experience. Learn more