| Friday, 11th October 2019, 3:26 pm

പതിനെട്ട് സ്ത്രീകളുടെ അനുഭവങ്ങളുമായി കറുപ്പിന്റെ പതിനെട്ട് ഷേഡുകള്‍ ; വ്യത്യസ്ത ആശയവുമായി യുവ ഡിസൈനര്‍ ഷര്‍മ്മിള

അളക എസ്. യമുന

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും നിരന്തരം ചര്‍ച്ചചെയ്യുന്ന ഒരു സമൂഹത്തിലേക്ക് പൊതുസമൂഹത്തില്‍ നിന്നും കുടുംബത്തില്‍ നിന്നും അവര്‍ അനുഭവിക്കുന്ന വിലക്കുകളും പരിമിതികളും അതേ സമൂഹത്തിന്റെ മുന്നിലേക്ക് എത്തിക്കുകയാണ് ’18 ഷേഡ്സ് ഓഫ് ബ്ലാക്ക്’ എന്ന ക്യാമ്പെയിനിലൂടെ യുവ ഡിസൈനറായ ഷര്‍മിള.

18 സ്ത്രീകളുടെ അനുഭവമാണ് 18 വീഡിയോകളിലൂടെ 18 ദിവസങ്ങളിലായി പങ്കുവയ്ക്കുന്നത്. ഇപ്പോള്‍ 5 സ്ത്രീകളുടെ അനുഭവം പങ്കുവച്ചു കഴിഞ്ഞു. സാരി എന്ന മാധ്യമമാണ് ഷാര്‍മിള ഇതിനു വേണ്ടി ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കറുപ്പിന്റെ 18 ഷേഡുകളില്‍ ഉള്ള കൈത്തറി സാരികളാണ് 18 സ്ത്രീകളും ഉപയോഗിച്ചിരിക്കുന്നത്.

ഷര്‍മിള (ഡിസെെനര്‍)

ശബരിമല വിഷയത്തില്‍ ഒരു കൂട്ടം സ്ത്രീകള്‍ സ്വീകരിച്ച നിലപാടാണ് തന്നെ ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിച്ചതെന്ന് ഷാര്‍മിള ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ശബരിമല വിഷയത്തില്‍ ദൈവത്തിന്റെ അവകാശം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയ സ്ത്രീകളില്‍ എത്രപേര്‍ക്ക് അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്നുണ്ടെന്നും അവര്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അതിജീവിക്കാന്‍ പറ്റുന്നുണ്ടെന്നുമുള്ള ചോദ്യത്തില്‍ നിന്നുമാണ് 18 ഷേഡ്സ് ഓഫ് ബ്ലാക്ക് എന്ന ആശയമുണ്ടാകുന്നത്. അതുകൊണ്ടു തന്നെ ശബരിമല എന്ന വിഷയത്തെ സൂചിപ്പിക്കാന്‍ വളരെ ബോധംപൂര്‍വ്വം തന്നെയാണ് താന്‍ 18 എന്ന സംഖ്യയും കറുപ്പ് എന്ന നിറവും സ്വീകരിച്ചതെന്ന് ഷാര്‍മിള പറയുന്നു.

ഏതാണ്ട് ഒന്‍പത് മാസത്തോളം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഷാര്‍മിള 18 ഷേഡ്സ് ഒരുക്കിയിരിക്കുന്നത്. അമ്പതിലധികം സ്ത്രീകളുമായി സംസാരിച്ചതിനു ശേഷം അതില്‍ നിന്നാണ് 18 പേരിലേക്കെത്തിയത്. ശബരിമല വിഷയത്തെക്കുറിച്ചുള്ള അഭിപ്രായമറിയാന്‍ സ്ത്രീകള്‍ക്കിടയില്‍ ഒരു അഭിപ്രായ സര്‍വ്വേ ഷര്‍മിള നടത്തിയിരുന്നു.

നടി അനുമോള്‍, എഴുത്തുകാരായ ലക്ഷമി രാജീവ്, സൗമ്യ രാധാ വിദ്യാധര്‍, മാധ്യമപ്രവര്‍ത്തകയായ ഗീത ബക്ഷി, ഡോ. ഐശ്വര്യ യുദി–, സ്വാതി ജഗതീഷ്, പ്രിയ ശിവദാസ്, നന്ദിനി ജയരാജ്, സോണിക നായര്‍, സോലി സോമനാഥ്, സ്മിത നായിക്, ഇന്ദു ജയറാം, രമ്യ ശശീന്ദ്രന്‍, കെ.പി സന്ധ്യ, ജെ. ദേവിക, പാര്‍വ്വതി കൃഷ്ണന്‍, ഷൈലജ, സിന്ധു നായര്‍ തുടങ്ങി വ്യത്യസ്ത മേഖലയില്‍ നിന്നുള്ള 18 സ്ത്രീകളാണ് തങ്ങള്‍ നേരിട്ട വിലക്കുകളും പരിമിതികളും ഷേഡ്സ് ഓഫ് 18’ലൂടെ പങ്കുവയ്ക്കുന്നത്.

” തങ്ങളുടെ വിലക്കുകള്‍ പൊതു സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ പലര്‍ക്കും ധൈര്യം ഉണ്ടായിരുന്നില്ല. പലരും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ, അത് പരസ്യപ്പെടുത്താന്‍ പലര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. കുടുംബത്തിന് അപമാനമാകുമോ എന്നതായിരുന്നു പലരുടേയും പ്രശ്നം. ദിവസങ്ങളോളം സംസാരിച്ച്, ഷൂട്ടൊക്കെ കഴിഞ്ഞ ശേഷം വീഡിയോ റിലീസ് ചെയ്യരുതെന്ന് വിളിച്ചു പറഞ്ഞ സ്ത്രീകള്‍ ഉണ്ട്. സ്ത്രീകള്‍ പല സ്ഥലങ്ങളിലും പലതരത്തിലുള്ള വിലക്കുകളും പരിമിതികളും നേരിടുന്നുണ്ട്. പക്ഷേ,പലര്‍ക്കും അത് പോതു സമൂഹത്തിനോട് തുറന്നു പറയാന്‍ ഇപ്പോഴും മടിയാണ് ” ഷര്‍മിള ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇതിനു മുന്‍പും വ്യത്യസ്ത ആശയങ്ങളിലൂടെ സാമൂഹ്യ ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഷാര്‍മിള.2016 ല്‍ ഷാര്‍മിളയുടെ റെഡ് ലോട്ടസ് ‘മഴവില്‍’എന്ന പേരില്‍ നടത്തിയ കൈത്തറി സാരി കളക്ഷന് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട രണ്ടു പേരെയാണ് മോഡലുകളായി അവതരിപ്പിച്ച്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. മായാ മേനോനും ഗൗരി ഗായത്രിയുമായിരുന്നു മോഡലുകള്‍. കേരളസര്‍ക്കാറിന്റെ ട്രാന്‍സ് ജെന്‍ഡര്‍ പോളിസിക്ക് ഐക്യദാര്‍ഢ്യം എന്നോണമാണ് ഷാര്‍മിള തന്റെ സാരീ കളക്ഷന്റെ മോഡലായി ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുമുള്ള രണ്ടുപേരെ തിരഞ്ഞെടുത്തത്.

DoolNews Video

അളക എസ്. യമുന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more