വിദ്യാബാലന്‍ നായികയായ ദി ഡേര്‍ട്ടി പിക്ചര്‍, കഹാനി എന്നീ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച് നടി ഷര്‍മിള ടാഗോര്‍. നല്ല ഉദ്ദേശത്തോടെ ചെയ്ത സിനിമകളാണെങ്കിലും ഫെമിനിസ്റ്റ് കാഴ്ചപ്പാടില്‍ ചിത്രം വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്ന് ഷര്‍മിള ടാഗോര്‍ പറഞ്ഞു. ബര്‍ക്ക ദത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമര്‍ശങ്ങള്‍.
‘ഇമ്രാന്‍ ഹഷ്മി അവതരിപ്പിച്ച സംവിധായകന് സിനിമ നിര്‍മിച്ചതിന് ശേഷം വിശ്വാസം നഷ്ടപ്പെടുകയാണ്, വിദ്യാബാലന്റെ കഥാപാത്രം സിനിമയില്‍ ആത്മഹത്യ ചെയ്യുകയാണ്. അവര്‍ ഒരു ഇരയാണ്. തന്റെ ലൈംഗികതയെ സ്‌ക്രീനില്‍ ഉപയോഗിക്കുന്നതില്‍ യാതൊരു മടിയുമില്ലാത്ത ‘ബി ഗ്രേഡ് നായിക’യായാണ് വിദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്,’ ഷര്‍മിള പറഞ്ഞു.
ഒരു ഫെമിനിസ്റ്റ് സിനിമ എങ്ങനെ അതിന്റെ സ്വത്വം നശിപ്പിക്കുന്നു എന്നതിന്റെ ഉദാഹരണമായി കഹാനിയും അവര്‍ എടുത്തു കാണിച്ചു. ‘വിദ്യ ബാലന്റെ കഥാപാത്രം ചിത്രത്തില്‍ അവരുടെ മെന്ററിന്റെ അടുത്ത് പോകുന്നുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ഞാന്‍ എന്തെങ്കിലുമൊക്കെയാണെന്ന് തോന്നിയത് എന്നാണ് അവര്‍ പറയുന്നത്. കാരണം അത് മാതൃത്വമാണ്, അതാണ് സ്ത്രീകളില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നതും.
സിനിമയില്‍ അവള്‍ ഒരാളെ കൊല്ലുന്നു. അങ്ങനെ സ്ത്രീകള്‍ ചെയ്യില്ല. അവസാനം ദുര്‍ഗാ വിഗ്രഹം നിമഞ്ജനം ചെയ്യുന്ന രംഗത്തില്‍ സിനിമ അവിടെ അവസാനിപ്പിക്കാമായിരുന്നു. എന്നാല്‍ അവിടെ നിര്‍ത്താതെ അമിതാഭ് ബച്ചന്റെ മധുരതരമായ ശബ്ദത്തില്‍ സ്ത്രീ കൊലപാതകം ചെയ്തതില്‍ വിശദീകരണവുമായി വരുന്നു. അതിനര്‍ത്ഥം സംവിധായകന് പ്രേക്ഷകരെ വിശ്വാസമില്ലെന്നാണ്,’ ഷര്‍മിള ടാഗോര്‍ പറഞ്ഞു.
Content Highlight: sharmila tagore about kahani and dirty picture