|

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ സഹോദരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ. എസ് ശര്‍മിള റെഡ്ഡി. വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ താര പ്രചാരകയായും നേതാവുമായിരുന്നു ശര്‍മിള റെഡ്ഡി.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തെലങ്കാനയിലേക്ക് വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകളില്‍ ഇരുവര്‍ക്കും രണ്ട് അഭിപ്രായമാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി തെലങ്കാനയില്‍ കൂടി വ്യാപിപ്പിക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അത്തരം ഒരു തീരുമാനം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ജഗന്‍മോഹന്‍ റെഡ്ഡി അഭിപ്രായപ്പെട്ടത്.

ചൊവ്വാഴ്ച വൈ. എസ് ശര്‍മിള റെഡ്ഡി തെലങ്കാന അടിസ്ഥാനമാക്കിയുള്ള അടുത്ത വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാനയിലെ അടിത്തട്ടിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായാണ് തെലങ്കാനയില്‍ മീറ്റിംഗ് നടത്തിയതെന്ന് ശര്‍മിള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

‘എല്ലാവരുമായും സംസാരിക്കുകയായിരുന്നു. കാര്യങ്ങളൊക്കെ ഉടന്‍ തന്നെ പ്രഖ്യാപിക്കുന്നതായിരിക്കും,’ ശര്‍മിള റെഡ്ഡി പറഞ്ഞു.

ജഗന്‍മോഹന്‍ റെഡ്ഡി തന്റെ ജോലി ഭംഗിയായി ആന്ധ്രാ പ്രദേശില്‍ പൂര്‍ത്തീകരിക്കുന്നുണ്ടെന്നും ഞാന്‍ എന്റെ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും അവര്‍ പറഞ്ഞു.

ജഗന്‍മോഹന്‍ റെഡ്ഡിയോട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നും ഒരു പാ ര്‍ട്ടിയുണ്ടാക്കുന്നത് ചെറിയ കാര്യമല്ലെന്നും ശര്‍മിള കൂട്ടിച്ചേര്‍ത്തു.

തെലങ്കാനയില്‍ ഒരു പുതിയ പാര്‍ട്ടിയുണ്ടാക്കും. തെലങ്കാനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമായിരിക്കും ഇനി താന്‍ ഇടപെടുകയെന്നും അവര്‍ പറഞ്ഞു.

വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളിലൊരാളായിരുന്നു ശര്‍മിള. ജഗന്‍മോഹന്‍ റെഡ്ഡി അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ പോയ സമയത്ത് പാര്‍ട്ടിയെ നയിച്ചത് ശര്‍മിളയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sharmila Reddy to float new party in Telangana