കറാച്ചി: വാതുവെപ്പ് വിവാദത്തില്‍ പാക് ബാറ്റ്‌സ്മാന്‍ ഷര്‍ജീല്‍ ഖാനെ പാക് ക്രിക്കറ്റ് ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് വിലക്കി. ഇക്കാലയളവില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും ഷര്‍ജീലിന് പങ്കെടുക്കാന്‍ കഴിയില്ല. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വാതുവെപ്പ് കേസില്‍ ലാഹോര്‍ ഹൈക്കോടതിയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണലിന്റേതാണ് വിധി.
ഷര്‍ജീലിനേയും ഖാലിദ് ലത്തീഫിനേയും വാതു വെപ്പിനെ തുടര്‍ന്ന് പി.എസ്.എല്ലില്‍ നിന്നും നേരത്തെ പി.സി.ബി സസ്‌പെന്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് രണ്ടു പേരേയും ടൂര്‍ണമെന്റിനിടെ നാട്ടിലേക്ക് മടക്കിയയച്ചിരുന്നു. 2016 ലായിരുന്നു കേസിനാസ്പദമായ സംഭവം.
അതേസമയം വാതുവെപ്പില്‍ പങ്കിലെന്നാണ് രണ്ടു താരങ്ങളും പറയുന്നത്. 14 ദിവസത്തിനുള്ളില്‍ വിധിയില്‍ അപ്പീല്‍ പോകാന്‍ താരത്തിന് അവകാശമുണ്ട്.
പാകിസ്ഥാനു വേണ്ടി 25 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ഷര്‍ജീല്‍ 812 റണ്‍സ് നേടിയിട്ടുണ്ട്. ഈ വര്‍ഷം സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരായിരുന്നു താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം.